തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയായ കെ സ്മാര്‍ട്ട് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ‘കേരള സൊല്യൂഷന് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോര്മേഷന് ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതല്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും എന്നതാണ് പദ്ധതിയുടെ നേട്ടമെന്ന് മന്ത്രി രാജേഷ് പറഞ്ഞു. കെ സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനും വെബ്സൈറ്റും മലയാളികള്‍ക്ക് പുതുവത്സര സമ്മാനം എന്ന നിലയില്‍ ജനുവരി ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി രാജേഷ് അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും കെ സ്മാർട്ടിലൂടെ കഴിയും. ചട്ടപ്രകാരം അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിട പെര്‍മിറ്റുകള്‍ ഓൺലൈനായി ലഭ്യമാവും. ജനന-മരണ രജിസ്ട്രേഷന്, രജിസ്ട്രേഷന് തിരുത്തല്‍ എന്നിവ ഓൺലൈനായി ചെയ്യാം.
സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സ്ആപ്പിലൂടെയും ലഭ്യമാവും. രാജ്യത്ത് ആദ്യമായി എവിടെനിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന് സാധ്യമാവും. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് ലൈസന്‍സ് ഓണ്‍ലൈനായി സ്വന്തമാക്കി സംരംഭകർക്ക് വ്യാപാര- വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്പറിനും കെട്ടിട നികുതി അടയ്ക്കുന്നതിനും പരാതികൾ ഓൺലൈനായി സമർപ്പിച്ച് പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനും സംവിധാനമുണ്ട്.