തിരുവനന്തപുരം: രണ്ട് മന്ത്രിമാര്‍ രാജിവച്ച ഒഴിവില്‍ സംസ്ഥാനത്ത് പുതിയ രണ്ട് മന്ത്രിമാര്‍ വെള്ളിയാഴ്ച അധികാരം ഏല്‍ക്കുമ്പോള്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മന്ത്രിസ്ഥാനത്ത് വീതം വയ്പ് എന്ന പുതിയ കീഴ്വഴക്കം സൃഷ്ടിക്കപ്പെടും.
ത്രിതല പഞ്ചായത്ത്, നഗരസഭകളില്‍ അധ്യക്ഷ പദവികള്‍ വര്‍ഷാവര്‍ഷം വീതം വയ്ക്കുന്ന മാതൃകയില്‍ ഒരു സംസ്ഥാന മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം വീതം വയ്ക്കുന്നത് കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. അതും നിയമസഭയില്‍ 99 അംഗങ്ങളുടെ വന്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരാണ് ഇത് ചെയ്യുന്നതെന്നതാണ് ദൗര്‍ഭാഗ്യകരം.
2011 -ല്‍ വെറും 2 എംഎല്‍എമാരുടെ മാത്രം ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കാലത്ത് എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പോലും ഇത്തരമൊരു പരാക്രമം കാണിച്ചിട്ടില്ല. 2 എംഎല്‍എമാര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ സര്‍ക്കാര്‍ താഴെവീഴുമെന്നായിരുന്നു അന്നത്തെ ഇടത് പ്രചാരണം.
മുന്നണി മാറിയിട്ടും അന്ന് മന്ത്രിസ്ഥാനമില്ല !
മാത്രമല്ല, ആ സര്‍ക്കാരിന്‍റെ കാലത്ത് ഒരു സിപിഎം എംഎല്‍എ രാജിവച്ച് (നെയ്യാറ്റിന്‍കര) യുഡിഎഫില്‍ ചേരുകയും ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച് എംഎല്‍എ ആകുകയും ചെയ്തതാണ്. സ്വാഭാവികമായും അദ്ദേഹത്തിന് ഒരു മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാമായിരുന്നു. പക്ഷേ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അത്തരമൊരു കീഴ്വഴക്കം സൃഷ്ടിച്ചില്ല.
പക്ഷേ 140 അംഗ സഭയില്‍ ഭൂരിപക്ഷത്തേക്കാള്‍ 19 സീററുകളുടെ ഭൂരിപക്ഷം കൂടുതലുണ്ടായിട്ടും രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വീതം വയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലും ആന്‍റണി രാജുവും രാജി വച്ച് ഒഴിയുമ്പോള്‍ കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേശ് കുമാറിനും യഥാക്രമം ഈ മന്ത്രിമാരുടെ പദവിയും വകുപ്പുകളും കൈമാറ്റം ചെയ്യപ്പെടുകയാണ്.
ബദ്ധപ്പെട്ട് മന്ത്രിമാരാകുന്നവരിവര്‍ !
പകരക്കാരിലൊരാള്‍ക്ക് 80 വയസിലേയ്ക്ക് എത്താന്‍ ഇനി 6 മാസങ്ങള്‍ മാത്രം. പക്ഷേ സംശുദ്ധ വ്യക്തിത്വം. രണ്ടാമത്തെയാള്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നാണംകെട്ട വിവാദങ്ങളില്‍ അകപ്പെട്ട മന്ത്രിയും. മന്ത്രിസ്ഥാനത്തിരിക്കെ സര്‍ക്കാര്‍ ബംഗ്ലാവില്‍ കയറി ആരോ ഒരാള്‍ അടിച്ച് മുഖം വികൃതമാക്കിയ വിരുതനെയാണ് ഇപ്പോള്‍ ഒരാളെ രാജി വയ്പിച്ച് വളരെ തത്രപ്പെട്ട് മന്ത്രിയാക്കുന്നത്.
എന്തിന് മന്ത്രിക്ക് അടികിട്ടി എന്നതിന് കാരണം ടിയാന്‍റെ ഭാര്യ തലസ്ഥാനത്ത് പത്രസമ്മേളനം വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇച്ചീച്ചിപ്പണിക്കാണെന്ന് അവര്‍ അന്ന് വിളിച്ചുപറഞ്ഞത് ഇടതുപക്ഷവും ആഘോഷിച്ചതാണ്.
അത്തരം രണ്ട് ആളുകളെയാണ് ഇല്ലാത്ത ഒരു കീഴ്വഴക്കം സൃഷ്ടിച്ച് മന്ത്രിമാരാക്കുന്നതെന്നാണ് ശ്രദ്ധേയം.
നഷ്ടം നമ്മുടെ നെഞ്ചത്ത് !
ഭരണപക്ഷം ഇത് ചെയ്യുന്നതിലല്ല പ്രതിഷേധം. അതിന്‍റെ നഷ്ടവും ഈ ഗതികെട്ട കാലത്ത് മലയാളിയുടെ തലയില്‍ കെട്ടിവയ്ക്കുമല്ലോ എന്നതിലാണ് പ്രതിഷേധം. സത്യപ്രതിജ്ഞയുടെ ചിലവ് മുതല്‍ മന്ത്രിമന്ദിരങ്ങളില്‍ ഇവര്‍ക്കായി നടത്തുന്ന പരിഷ്കാരങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കും വരുന്ന ചിലവു മുതല്‍ അധിക ചിലവുകള്‍ നിരവധി. രണ്ടു വര്‍ഷം കൊണ്ട് ഇറങ്ങിപ്പോയവരുടെ 60 ഓളം വരുന്ന പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് ആയുഷ്കാലം കൊടുക്കേണ്ടിവരുന്ന പെന്‍ഷന്‍ വേറെ. ഇനി വരുന്ന 60 എണ്ണത്തിനും വേണം ശമ്പളവും പെന്‍ഷനും.
പഠിക്കാന്‍ ഒരു വര്‍ഷം, മൊത്തം പാഴ് 2 വര്‍ഷം
അതിലും പ്രധാനം ഈ രണ്ട് മന്ത്രിമാര്‍ ഇനി തങ്ങളുടെ വകുപ്പിനെക്കുറിച്ച് പഠിച്ച് വരുമ്പോള്‍ ഒരു വര്‍ഷം കഴിയുമെന്നതാണ്. രണ്ട് പേരും മുമ്പ് മന്ത്രിമാരായിരുന്നവരാണെന്നത് ശരിതന്നെ. പക്ഷേ, അതിന്‍റെ തുടര്‍ച്ചയല്ലല്ലോ ഈ ഭരണം. വേറെ രണ്ട് മന്ത്രിമാര്‍ അവരുടെ ശൈലിയ്ക്കും നയങ്ങള്‍ക്കും അനുസരിച്ച് ചലിപ്പിച്ചുകൊണ്ടിരുന്ന വകുപ്പുകള്‍ ഇവര്‍ക്ക് ഇവരുടേതായ ശൈലിയിലേയ്ക്ക് എത്തിക്കണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷം സമയം ഉറപ്പ്.
ആദ്യം ചുമതലയേറ്റ മന്ത്രിമാര്‍ കാര്യങ്ങള്‍ പഠിക്കാനെടുത്ത അന്നത്തെ ഒരു വര്‍ഷവും ഇവരുടെ ഒരു വര്‍ഷവും കൂടുമ്പോള്‍ ജനത്തിന്‍റെ നെഞ്ചത്തടിക്കുന്നത് രണ്ട് പാഴായ വര്‍ഷങ്ങളാണ്.
അതിനുമൊക്കെ അപ്പുറം ഇനി വരാന്‍പോകുന്ന സര്‍ക്കാരുകളിലും എംഎല്‍എമാര്‍ ഇങ്ങനെ മന്ത്രിസ്ഥാനത്തിനു വേണ്ടി വിലപേശും. അതിനായുള്ള കീഴ്വഴക്കമാണല്ലോ ഇവര്‍ സൃഷ്ടിച്ചിരിക്കുന്നത്.