സമൂഹ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് വൈറലായ വീഡിയോയ്ക്ക് പിന്നിലെ യഥാർത്ഥ സത്യാവസ്ഥ പുറത്തുവന്നിരിക്കുന്നു. ക്രിസ്‍മസ് ദിനത്തിൽ കുടുംബവുമൊത്ത് യാത്ര ചെയ്യവേ കാർ തടഞ്ഞ് ഒരുകൂട്ടം യുവാക്കൾ പിരിവ് നടത്തിയ വീഡിയോ വൈറലായിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിലെ വാസ്തവം മറ്റൊന്നാണ്. സമൂഹത്തിൽ നടക്കുന്ന ഇത്തരം നിർബന്ധിത പിരിവിനെതിരെ ഒരുപറ്റം യുവാക്കൾ നടത്തിയ ബോധവൽക്കരണം മാത്രമായിരുന്നു ഈ വീഡിയോ.
വീഡിയോയിൽ കാണുന്ന ആളുകൾ അഭിനയിക്കുകയായിരുന്നു എന്ന വസ്തുത അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വീഡിയോ മാത്രമായി പല പ്ലാറ്റ്ഫോമുകളിലും പ്രചരിച്ചിരുന്നു. ഇത് ഒരു ബോധവൽക്കരണ വീഡിയോ ആണെന്ന് അണിയറ പ്രവർത്തകർ തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
“പിരിവ് ഗുണ്ടായിസമോ ? ആഘോഷം ഗംഭീരമാക്കാൻ നാട്ടുകാരുടെ കയ്യിൽ നിന്നും ബലമായി പിരിവെടുക്കുന്നു. അതും പ്രബുദ്ധ കേരളത്തിൽ. എങ്ങോട്ടാണ് നാടിൻറെ ഈ പോക്ക്. മദ്യവും മയക്കുമരുന്നുമായി ഒരുപറ്റം ചെറുപ്പക്കാർ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന അവസ്ഥ കാണുക” ഈ കുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
യഥാർത്ഥത്തിൽ “നാടൊട്ടുക്കു പിരിവ് ! കടയ്ക്കൽ നിന്ന് കുളത്തുപ്പുഴക്ക് കുടുംബവുമായി സഞ്ചരിച്ച യുവാവിന് ഓന്തുപച്ച എന്ന സ്ഥലത്തു വെച്ച് സംഭവിച്ചത് –
അരങ്ങിൽ: ജിഷ്ണു മഴവില്ല്, സുർജിത്, ബൈജു, സിദ്ധീഖ്, നൗഷാദ്, മഹേഷ്, വിജയൻ കടയ്ക്കൽ, ജ്യോതിഷ് & പിച്ചു. അണിയറയിൽ : സുജിത് രാമചന്ദ്രൻ”
ഈ അടിക്കുറിപ്പോടെ ആണ് അണിയറ പ്രവർത്തകരിൽ ഒരാളായ സുജിത് രാമചന്ദ്രൻ എന്നയാൾ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഈ കുറിപ്പ് മാറ്റി, പകരം ആദ്യം നൽകിയ കുറിപ്പ് ചേർത്ത് വീഡിയോ പ്രചരിക്കുക ആയിരുന്നു. ഇപ്പോൾ വീഡിയോയിൽ അഭിനയിച്ചിരിക്കുന്ന യുവാക്കൾ തന്നെ ഇതൊരു ബോധവൽക്കരണ വീഡിയോ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.