മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ വനിതകളുടെ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ മുന്നിലെത്തി. സ്കോർ: ഇന്ത്യ 50ഓവറിൽ 282/8. ഓസ്ട്രേലിയ 46.3ഓവറിൽ 285/4.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മൂന്നാം ഓവറിൽ പ്രഹരമേൽപിച്ച ഡാർസി ബ്രൗണ്‍, ഷഫാലി വർമയെ കൂടാരം കയറ്റി. ഓപ്പണർ യാസ്തിക ഭാട്ടിയ 64പന്തിൽ 49 റണ്‍സ് സ്വന്തമാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു.
മധ്യനിരയിൽ ജമീമ റോഡ്രിഗസിന്റെയും വാലറ്റത്ത് പൂജ വസത്രേക്കറുടെയും അർധസെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓസീസിനുവേണ്ടി അഷ്ലീഗ് ഗാർഡ്ണറും ജോർജിയ വെയർഹാമും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ അലീസ ഹീലിയെ നഷ്ടപ്പെട്ടിരുന്നു. പിന്നാലെയെത്തിയ എല്ലീസ് പെറിയും ഫീബി ലിച്ച്ഫീൽഡും ചേർന്ന് രണ്ടാം വിക്കറ്റിൽ 148 റണ്‍സിന്റെ പടുകൂറ്റൻ കൂട്ടുകെട്ടാണ് പടുതുയർത്തിയത്.
ലിച്ച്ഫീൽഡ് 89 പന്തിൽ നിന്ന് 78 റണ്‍സ് സ്വന്തമാക്കി. എട്ട് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. എല്ലീസ് പെറി 72 പന്തിൽ 75 റണ്‍സും നേടി.
ഇരുവരെയും പുറത്താക്കി മത്സരത്തിലേക്ക് മടങ്ങവരാൻ ഇന്ത്യ ശ്രമം നടത്തിയെങ്കിലും വിഫലമായി. ഓസീസിനു വേണ്ടി താഹ്ലിയ മഗ്രാത്തും(55പന്തിൽ 68റണ്‍സ്) അർധസെഞ്ചുറി നേടിയിരുന്നു. ബെത്ത് മൂണി 47 പന്തിൽ 42 റണ്‍സുമായി തിളങ്ങിയപ്പോൾ ഓസീസ് വിജയം അനായാസമായി.
ഇന്ത്യക്കു വേണ്ടി രേണുക സിംഗ്, പൂജ വസ്ത്രേക്കർ, സ്നേഹ് റാണ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.