മുഖ സൗന്ദര്യ വര്‍ധനവിനായി എന്തു പരീക്ഷണങ്ങള്‍ സ്വീകരിക്കാനും ആളുകള്‍ ഇന്ന് തയ്യാറാണ്. ഇതിനായി കോടികള്‍ മുടക്കി കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ള നിരവധി ആളുകളെ കുറിച്ച് നാം കേട്ടറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ജറികള്‍ ചെയ്ത് വലുപ്പമേറിയ ചുണ്ടുകള്‍ സ്വന്തമാക്കിയ ബര്‍ഗേറിയന്‍ ഇന്‍ഫ്‌ളുവന്‍സറാണ് ആന്‍ഡ്രിയ ഇവനോവ. ‘ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ’ എന്നാണ് ആന്‍ഡ്രിയ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ഇടയ്ക്കിടെ ഇതുമായി ബന്ധപ്പെട്ട് ആന്‍ഡ്രിയ വാര്‍ത്തകളിലും ഇടംപിടിക്കാറുണ്ട്. ഇങ്ങനെ വലിയ ചുണ്ടുകള്‍ സ്വന്തമാക്കുന്നതിന് വേണ്ടി പലതവണയാണ് അവള്‍ ഫില്ലിംഗ് നടത്തിയത്.
ചുണ്ടിന്റെ വലുപ്പം കൂട്ടുന്നതിനായി ഇതുവരെ 20 ലക്ഷത്തിലധികം രൂപയാണ് 26 കാരിയായ ആന്‍ഡ്രിയ ചെലവഴിച്ചത്. എല്ലാ ക്രിസ്മസിനും അവള്‍ തനിക്കുതന്നെ ക്രിസ്മസ് സമ്മാനം നല്‍കുന്നത് കൂടുതല്‍ കൂടുതല്‍ ഫില്ലര്‍ തന്റെ ചുണ്ടിന് നല്‍കിക്കൊണ്ടാണ്. ഈ ക്രിസ്മസിനും അവള്‍ ചുണ്ടിന്റെ വലിപ്പം കൂട്ടുന്നതിന് വേണ്ടി ഫില്ലിംഗ് ചെയ്യാന്‍ പോവുകയാണ്. എന്നാല്‍, എന്നത്തേയും പോലെ അല്ല. ഇത്തവണ അവളുടെ സുഹൃത്തുക്കളിലും ബന്ധുക്കളിലും ഒക്കെ ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇനിയും ചുണ്ടിന്റെ വലിപ്പം കൂട്ടാന്‍ ഫില്ലറുപയോഗിച്ചാല്‍ അവളുടെ ജീവന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നാണ് അവരെല്ലാം ചോദിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു ആശങ്കയും ആന്‍ഡ്രിയയ്ക്കില്ല. എന്തൊക്കെ വന്നാലും ചുണ്ടിന് ഇനിയും വലിപ്പം കൂട്ടാനുള്ള തീരുമാനത്തില്‍ താന്‍ ഉറച്ച് നില്‍ക്കും എന്നാണ് അവള്‍ പറയുന്നത്. ‘ഈ പുതുവത്സരത്തിന് എന്തെങ്കിലും ഒക്കെ ചെയ്യണം എന്നത് എന്റെ ആഗ്രഹമാണ്. അതിനാല്‍ തന്നെ ഇങ്ങനെ ഒരു മാറ്റം ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് ആന്‍ഡ്രിയ പറയുന്നത്. മാത്രമല്ല, വീട്ടുകാരുടെ ആശങ്ക തന്റെ ആരോഗ്യത്തെ കുറിച്ചോര്‍ത്തല്ല, ഈ രൂപത്തില്‍ തന്നെ കാണാന്‍ അവര്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. അത് കൂടിയാണ് അവരുടെ പ്രശ്‌നം എന്നും അവള്‍ പറയുന്നു.
അതേസമയം, ഈ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് ആന്‍ഡ്രിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളിലും വലിയ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ‘നേരത്തെ കാണാനെത്ര ഭംഗിയുണ്ടായിരുന്നു’, ‘ഇതെന്ത് കോലമാണ്’ തുടങ്ങി അനേകം കമന്റുകളാണ് അവള്‍ക്ക് കേള്‍ക്കേണ്ടി വരാറ്. എന്നാല്‍, അതിനൊന്നും തന്നെ ആന്‍ഡ്രിയയെ തളര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇനിയും തന്റെ ചുണ്ടിന് വലിപ്പം കൂട്ടുക തന്നെ ചെയ്യും എന്നാണ് അവള്‍ പറയുന്നത്.