ജിദ്ദ – സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ ജിദ്ദയില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിനെ തോല്‍പിച്ച ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ അന്നസ്ര്‍ നടത്തിയ വിജയാഘോഷം പുതുമയായി. ഐസ്‌ലന്റ് കളിക്കാര്‍ യൂറോ കപ്പില്‍ ഹരമാക്കി മാറ്റിയ വൈകിംഗ് ക്ലാപ്പുമായാണ് റൊണാള്‍ഡോയും സംഘവും ആരാധകരെ ഹരം കൊള്ളിച്ചത്. മത്സരം 5-2 ന് അന്നസ്ര്‍ ജയിക്കുകയായിരുന്നു.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും സാദിയൊ മാനെയും രണ്ട് ഗോള്‍ വീതം നേടി. ഇത്തിഹാദ് നായകനും റയല്‍ മഡ്രീഡില്‍ സഹ കളിക്കാരനുമായിരുന്ന കരീം ബെന്‍സീമ വഴങ്ങിയ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. രണ്ടാമത്തെ ഗോളും പെനാല്‍ട്ടിയില്‍ നിന്നു തന്നെ. 19 ഗോളുമായി റൊണാള്‍ഡൊ ലീഗില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു.
ആറു മിനിറ്റിനിടെ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട് ഫാബിഞ്ഞൊ പുറത്തായതോടെയാണ് അന്നസ്ര്‍ കളിയില്‍ ആധിപത്യം നേടിയത്. അവസാന ഒമ്പത് കളികളില്‍ എട്ടാം ജയത്തോടെ അല്‍ഹിലാലുമായുള്ള വിടവ് ഏഴ് പോയന്റായി അന്നസ്ര്‍ കുറച്ചു. ഇത്തിഹാദിന് തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്. ദമക്കിനോടും അല്‍റഅദിനോടും കഴിഞ്ഞ കളികള്‍ ചാമ്പ്യന്മാര്‍ തോറ്റിരുന്നു. ക്ലബ്ബ് ലോകകപ്പിലും സെമിഫൈനല്‍ കാണാതെ പുറത്തായി.
ഇരു ടീമുകളും ആക്രമിച്ചുമുന്നേറിയപ്പോള്‍ ഒപ്പത്തിനൊപ്പമാണ് കളി നീങ്ങിയത്. പതിനാലാം മിനിറ്റില്‍ അന്നസ്‌റിന്റെ പഴയ കളിക്കാരന്‍ അബ്ദറസാഖ് ഹംദല്ലയിലൂടെ ഇത്തിഹാദ് ലീഡ് നേടി. ബോക്‌സില്‍ രണ്ട് ഡിഫന്റര്‍മാരെ വെട്ടിച്ചാണ് ഹംദല്ല വല കുലുക്കിയത്. അലി ലജമിയെ ബെന്‍സീമ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍ട്ടിയിലൂടെ 19ാം മിനിറ്റില്‍ അന്നസ്ര്‍ ഒപ്പമെത്തി. മുപ്പത്തെട്ടാം മിനിറ്റില്‍ ബ്രസീലിയന്‍ ജോഡിയിലൂടെ സന്ദര്‍ശകര്‍ ആദ്യമായി ലീഡ് നേടി. അലക്‌സ് ടെലിസിന്റെ ക്രോസ് സമര്‍ഥമായി നിയന്ത്രിച്ച ആന്‍ഡേഴ്‌സന്‍ ടാലിസ്‌ക രണ്ട് ടച്ചില്‍ ഗോളിയെ കീഴടക്കി.
രണ്ടാം പകുതി തുടങ്ങിയത് ഇത്തിഹാദ് ഗോള്‍ തിരിച്ചടിക്കുന്നതു കണ്ടാണ്. 52ാം മിനിറ്റില്‍ ഹംദല്ല തന്നെയാണ് ഹെഡറിലൂടെ ഗോള്‍ നേടിയത്. ഒടാവിയോയെ ബോക്‌സില്‍ ഫാബിഞ്ഞൊ കൈ കൊണ്ട് കുത്തിയതാണ് വഴിത്തിരിവായത്. പെനാല്‍ട്ടി റൊണാള്‍ഡൊ ഗോളാക്കി മാറ്റി. അതോടെ അന്നസ്ര്‍ പൂര്‍ണമായി ആധിപത്യം നേടി. 75, 82 മിനിറ്റുകളില്‍ മാനെ ഇരട്ട ഗോളിലൂടെ വിജയം അരക്കിട്ടുറപ്പിച്ചു.
ഈ വര്‍ഷത്തെ അവസാന മത്സരത്തില്‍ അന്നസ്ര്‍ 30 ന് അത്തആവുനുമായി ഏറ്റുമുട്ടും.
2023 December 27Kalikkalamtitle_en: Ronaldo leads Al-Nassr squad in Iceland-inspired celebration