ആലപ്പുഴ: റെയില്‍വേ ഗേറ്റ് കീപ്പറെ മര്‍ദിച്ച മൂന്നുപേര്‍ പിടിയില്‍. ചെങ്ങന്നൂര്‍ ഹാച്ചറി ജംഗ്ഷന്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കവിയൂര്‍ മുറിയില്‍ സിനോ (21), ഓതറ മുറിയില്‍ ചെറുകുല്ലത്ത് വീട്ടില്‍ അക്ഷയ് (23), മാന്നാര്‍ കുട്ടന്‍പേരൂര്‍ മുറിയില്‍ മംഗലത്തെ കാട്ടില്‍ തെക്കതില്‍ വീട്ടില്‍ അഭിജിത് (19) എന്നിവരാണ് പിടിയിലായത്.
ചെങ്ങന്നൂര്‍ മഠത്തുംപടിയിലെ റെയില്‍വേ ഗേറ്റ് കീപ്പറായ കൊല്ലം തൃക്കടവൂര്‍ അരുണാലയം വീട്ടില്‍ അഖില്‍ രാജിനാണ് മര്‍ദനമേറ്റത്. ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 3.47നാണ് സംഭവം. ചെങ്ങന്നൂര്‍ മഠത്തുംപടി റെയില്‍വേ ഗേറ്റിലെത്തിയ പ്രതികള്‍ കേരള എക്‌സ്പ്രസ് കടന്നു പോകാനായി ഗേറ്റ് അടച്ചിട്ടത് കണ്ട് ഗേറ്റ് തുറന്ന് കൊടുക്കണമെന്ന് പറഞ്ഞു.
ട്രെയിന്‍ പോകാന്‍ സമയമായതിനാലാണ് ഗേറ്റ് അടച്ചതെന്ന ഗേറ്റ് കീപ്പര്‍ പറഞ്ഞെങ്കിലും പ്രതികള്‍ അസഭ്യം വിളിച്ച് അഖില്‍രാജിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് നിലത്ത് കൂടി വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നു. ഇതേസമയം ഇവിടെ നിര്‍ത്തിയ മറ്റ് വാഹനങ്ങളില്‍ നിന്നുള്ളവര്‍ എത്തിയതോടെ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ പ്രതികളെ ചെങ്ങന്നൂര്‍ ഡിവൈ. എസ്. പി ബിനു കുമാറിന്റെ നിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ സി.ഐ എ.സി. ബിബിന്‍, എസ്.ഐ ടി.എന്‍. ശ്രീകുമാര്‍, എ.എസ്.ഐ രഞ്ജിത്ത്, സീനിയര്‍ സി.പി.ഒ. അനില്‍, എസ്. സിജു, ജിജോ, സാം, രതീഷ് എന്നിവര്‍ അടങ്ങിയ സംഘം പിടികൂടുകയായിരുന്നു.