തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില അമ്പലക്കാടന്മാര്‍ സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി നില്‍ക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ അദ്ദേഹത്തിന് എന്തവകാശമാണുള്ളത്. ഇങ്ങനെയുള്ള ആളുകളെ ജയിലലടക്കണമെന്ന അഭിപ്രായമാണ് ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രി എന്ന നിലയില്‍ തനിക്കുള്ളത്. സി.പി.എം അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിച്ച് മിശ്രവിവാഹം നടത്തിക്കൊണ്ടുപോകുന്നുവെന്ന് നേരത്തെ തെറ്റായ പ്രസ്താവന നടത്തിയിരുന്നു.
ഹൃദയങ്ങളിലാണ് ദൈവം കുടികൊള്ളുന്നത്. രണ്ട് ഹൃദയങ്ങള്‍ സ്‌നേഹത്തില്‍ ഒരുമിച്ച് പോകുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കേരളം എന്നത് എല്ലാവരും സൗഹാര്‍ദത്തോടെ നിലകൊള്ളുന്ന സ്ഥലമാണ്. അത്തരക്കാര്‍ക്ക് ഇവിടെ സ്ഥാനമില്ല. അവരെ അര്‍ഹിച്ച അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും. ഇനിയും ഇത്തരം പ്രസ്താവനകളുമായി വന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed