കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള കോട്ടയം-ഇടുക്കി-പത്തനംതിട്ട പായ്ക്കേജ് തള്ളി കോണ്‍ഗ്രസ് നേതൃത്വം. കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റ് അനുവദിക്കാനും ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കോട്ടയത്ത് മല്‍സരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെടാനുമാണ് കോണ്‍ഗ്രസ് തീരുമാനം.
കേരള കോണ്‍ഗ്രസ് ആരെയെങ്കിലും മല്‍സരിപ്പിക്കട്ടെ എന്ന സമീപനമായിരിക്കില്ല കോണ്‍ഗ്രസ് തീരുമാനിക്കുക. രാഷ്ട്രീയ വിശ്വാസ്യതയില്ലാത്ത എംപി ജോസഫ്, പിസി തോമസ് പോലുള്ള സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പേരാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നത്.
നേരത്തെ കെ.എം മാണിയുടെ മരുമകന്‍ എം.പി ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നത് പി.ജെ ജോസഫ് ഗൗരവമായി ആലോചിച്ചിരുന്നു. എന്നാല്‍ മല്‍സരിക്കാന്‍ സീറ്റ് തേടി കോണ്‍ഗ്രസിനെയം കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന സ്വന്തം ഭാര്യാ പിതാവ് കെ.എം മാണിയെയും പോലും മറന്ന് കേരള കോണ്‍ഗ്രസിനു പിന്നാലെ പോയ എം.പി ജോസഫിനെ കോട്ടയത്ത് പരിഗണിക്കാനാകില്ലെന്നു തന്നെയാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.
ഇത്തരം നേതാക്കള്‍ ലോക്സഭയിലെത്തിയാല്‍ രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ അധികാരത്തിനു വേണ്ടി പാര്‍ട്ടിയേയും മുന്നണിയേയും മറന്ന് എന്ത് കളിയ്ക്കും തയ്യാറാകും എന്ന ഭയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. അതിനാല്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജു തന്നെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത തെളിഞ്ഞു.
നേരത്തെ കോട്ടയത്തിന് പകരം കേരള കോണ്‍ഗ്രസിന് ഇടുക്കി നല്‍കി പകരം ഡീന്‍ കുര്യാക്കോസിന ഇടുക്കിയില്‍ നിന്നും പത്തനംതിട്ടയ്ക്ക് മാറ്റുന്ന ഒരു പായ്ക്കേജ് ചര്‍ച്ചയിലുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഈ പായ്ക്കേജ് മുന്നോട്ടുവച്ചത്.
പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് മല്‍സരിപ്പിച്ച് മന്ത്രിയാക്കണമെന്നുമായിരുന്നു നിര്‍ദേശം.
എന്നാല്‍ ഇടുക്കിയിലും പത്തനംതിട്ടയിലും പ്രചരണത്തിലും പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസിന്‍റെ സിറ്റിംങ്ങ് എംപിമാര്‍ ഏറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ ഇവരെ മാറ്റിക്കൊണ്ടുള്ള പായ്ക്കേജ് വേണ്ടെന്നാണ് എഐസിസി നല്‍കിയ നിര്‍ദേശം.
സുനില്‍ കനുഗൊലുവിന്‍റെ ടീം കേരളത്തില്‍ നടത്തിയ മണ്ഡലം സര്‍വ്വെകളില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ എംപിമാരില്‍ ഒരാളായിരുന്നു ഡീന്‍ കുര്യാക്കോസ്. ആന്‍റോ ആന്‍റണിക്കും നിലവില്‍ ഭീഷണി ഇല്ലെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് കോട്ടയം നല്‍കി പ്രശ്നം പരിഹരിക്കാനാണ് നിര്‍ദേശം.