ഉയർന്ന ചീത്ത കൊളസ്ട്രോൾ പ്രാഥമികമായി ഹൃദയ സംബന്ധമായ അപകടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. ഉയർന്ന കൊളസ്ട്രോളിന്റെ ആഘാതം പാദങ്ങളിലും കാലുകളിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും. പാദങ്ങളിലും കാലുകളിലും കാണുന്ന മഞ്ഞനിറത്തിലുള്ള മുഴകൾ (സാന്തോമസ് ) ചീത്ത കൊളസ്ട്രോളിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടുന്ന ഫാറ്റി ഡിപ്പോസിറ്റുകളാണ് സാന്തോമസ്.
പരിമിതമായ ചലനശേഷിയും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. അതിനാല്‍ നടക്കാനുള്ള ബുദ്ധിമുട്ട് ശ്രദ്ധിക്കേണ്ടതാണ്. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്.
കാലുകള്‍ ചൊറിയുന്നതും നിസാരമാക്കേണ്ട. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ഉയർന്ന കൊളസ്ട്രോൾ കാലുകളിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തുന്നു. ഈ അവസ്ഥ ചലനശേഷിയെയും ബാധിക്കാം.
കാലുകളിലെ നീര്‍വീക്കം, പാദങ്ങളിലെ വിറയൽ, മുറിവുണങ്ങാന്‍ സമയമെടുക്കുക, കാലിന്റെ പുറകിലെ തടിപ്പ് തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാകാം. അതുപോലെ ചീത്ത കൊളസ്ട്രോള്‍ മൂലം കാലുകളുടെ നിറത്തിൽ പ്രകടമായ മാറ്റമുണ്ടാകാം. ഇത്തരത്തിലെ ചര്‍മ്മത്തിലെ നീല നിറവും നിസാരമായി കാണേണ്ട.