ഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച എയര്‍ബസ് എ340 വിമാനം മുംബൈയില്‍ ഇന്ന് പുലര്‍ച്ചെ പറന്നിറങ്ങി. വിമാനത്തില്‍ ഉണ്ടായിരുന്ന 276 യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. നാല് ദിവസം മുമ്പാണ് ഫ്രാന്‍സിലെ പാരിസ് വിമാനത്താവളത്തില്‍ അധികൃതര്‍ വിമാനം തടഞ്ഞുവെച്ചത്. 
മനുഷ്യക്കടത്ത് ആരോപിച്ച് റൊമാനിയയുടെ ലെജന്റ് എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ വിമാനമാണ് പാരീസിന് സമീപമുള്ള വാട്രി വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചത്. യാത്രയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ നാലുദിവസമാണ് വിമാനം വിമാനത്താവളത്തില്‍ കിടന്നത്.
തുടര്‍ന്ന് ഫ്രഞ്ച് സമയം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടേയാണ് വിമാനം മുംബൈയിലേക്ക് തിരിച്ചയച്ചത്. വിമാനത്തില്‍ 276 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഭയം തേടി പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികള്‍ അടക്കം 25 പേര്‍ ഫ്രാന്‍സില്‍ തന്നെ തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 
303 യാത്രക്കാരുമായി ദുബായില്‍ നിന്ന് നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് ഇറക്കിയത്. തുടര്‍ന്ന് മനുഷ്യക്കടത്താണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു. രണ്ട് ദിവസം യാത്രക്കാരെ ചോദ്യം ചെയ്തതിന് ശേഷമാണ് വിമാനം വിട്ടുനല്‍കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്. 
എന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ചില യാത്രക്കാര്‍ തയ്യാറാല്ലായിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിക്കാരഗ്വായിലേക്ക് പോകാന്‍ സാധിക്കാത്തതിന്റെ നിരാശയിലായിരുന്നു പലരും. 200-250 ഓളം യാത്രക്കാര്‍ മാത്രമാണ് തിരിച്ചുവരാന്‍ സമ്മതിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന ക്രിമിനല്‍ സംഘത്തിന് വിമാനയാത്രയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഫ്രഞ്ച് പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed