ബംഗളൂരു: ഭാര്യയ്‌ക്കെതിരെ തെളിവുകളൊന്നുമില്ലാതെ അവിഹിത ബന്ധം ആരോപിക്കുന്നതും കുട്ടികളുടെ പിതൃത്വത്തില്‍ സംശയം ഉന്നയിക്കുന്നതും ക്രൂരതയെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചന ഹര്‍ജിയില്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചയാള്‍ക്ക് പതിനായിരം രൂപ പിഴയിട്ടുകൊണ്ടാണ്, ജസ്റ്റിസുമാരായ കെഎസ് മുദ്ഗല്‍, കെവി അരവിന്ദ് എന്നിവരുടെ പരാമര്‍ശം.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും മക്കളുടെ പിതൃത്വത്തില്‍ സംശയമുണ്ടെന്നും വാദിച്ച ഭര്‍ത്താവ് ഡിഎന്‍എ പരിശോധനയ്ക്കു നിര്‍ബന്ധിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് മാനസിക പീഡനവും ക്രൂരതയുമാണെന്ന് കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
1999ലാണ് ദമ്പതികള്‍ വിവാഹിതരായത്. 2003ല്‍ ഭര്‍ത്താവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. മാസത്തില്‍ പതിനഞ്ചു ദിവസവും ഭാര്യ സ്വന്തം വീട്ടിലാണ്, താനുമായി നിരന്തരം വഴക്കിടുന്നു എന്നൊക്കെയായിരുന്നു ഹര്‍ജിയിലെ ആക്ഷേപങ്ങള്‍.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നു സംശയിക്കുന്നതായും ആഭിചാരം നടത്തുന്നവളാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. അവിഹിത ആക്ഷേപം കുടുംബ കോടതി തള്ളിയെങ്കിലും മറ്റു കാരണങ്ങള്‍ കണക്കിലെടുത്ത് വിവാഹ മോചനം അനുവദിച്ചു. ഇതിനെതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
ശാരീരികമായി തളര്‍ത്താന്‍ താന്‍ മരുന്നു നല്‍കിയെന്ന ഭര്‍ത്താവിന്റെ ആക്ഷേപം രക്ത പരിശോധനയോ മറ്റു ശാസ്്ത്രീയ പരിശോധനകളോ ഇല്ലാതെ കുടുംബ കോടതി സ്വീകരിക്കുകയായിരുന്നെന്ന് ഭാര്യ ചൂണ്ടിക്കാട്ടി. ആഭിചാരം നടത്തിയെന്ന വാദത്തിനും തെളിവില്ല. മൂന്നു മാസം കൂടുമ്പോഴാണ് താന്‍ വീട്ടില്‍ പോയിരുന്നതെന്നും ഭാര്യ പറഞ്ഞു.
ഭര്‍ത്താവിന്റേത് വെറും ആക്ഷേപങ്ങള്‍ മാത്രമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed