സെഞ്ചൂറിയൻ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ്. മഴ തടസപ്പെടുത്തിയതിനാൽ 59 ഓവറുകൾ മാത്രമാണ് കളിക്കാനായത്.
അർധസെഞ്ചറിയുമായി വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലും(105 പന്തിൽ 70) റൺസ് ഒന്നും എടുക്കാതെ മുഹമ്മദ് സിറാജുമാണ് ക്രീസിൽ. നാൽപ്പത്തിനാല് റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ റബാഡയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടിയത്. രണ്ട് വിക്കറ്റ് നേടി നാന്ദ്രെ ബർഗറും ഒരുവിക്കറ്റ് നേടി മാർക്കോ ജാൻസണും മികച്ച പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കൻ നിരയിൽ നാന്ദ്രെ ബർഗറിന്റെയും ഡേവിഡ് ബെഡിംഗ്ഹാമിന്റെയും അരങ്ങേറ്റ ടെസ്റ്റ് കൂടിയാണിത്. അതേസമയം, ഇന്ത്യൻ നിരയിൽ യുവതാരം പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
2023-25ന്റെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ 66.76 പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ തുടക്കം മുതൽ ഇന്ത്യയ്ക്കു മേൽ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു മേൽക്കൈ.