പെരുമ്പാവൂർ: ഹൈന്ദവ വിശ്വാസമനുസരിച്ച് ഭാരതത്തിലെ ചതുർധാമ തീർത്ഥാടനസ്ഥലങ്ങളിലൊന്നും വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിലൊന്നുമായി കരുതപ്പെടുന്ന ഉത്തരാഖണ്ഡിലെ ബദരീനാഥ് മഹാക്ഷേത്രത്തിലെ റാവൽജി ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി ബുധനാഴ്ച രാവിലെ 9.30ന് തോട്ടുവാ ധന്വന്തരീക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു.
ആചാരപരമായ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. മേൽശാന്തി കോന്നോത്ത്‌ മന ഉണ്ണികൃഷ്ണൻ നമ്പൂതിരി ധന്വന്തരിഗ്രാമത്തിൽ പൂർണ്ണകുംഭം നൽകി സ്വീകരിയ്ക്കും. ക്ഷേത്രത്തിൽ ദശാവതാരമഹോത്സവത്തിന്റെ സമാപനദിനമാണ് ബുധനാഴ്ച.
ലോകപ്രസിദ്ധമായ ബദരിനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരിയാണ് റാവൽജി. കേരളത്തിലെ ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ളയാൾ തന്നെയാകണം റാവൽജി ആകേണ്ടതെന്ന ആചാരം ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യരാണ്. ശങ്കരാചാര്യർ നിഷ്‌കർഷിച്ച ആചാരങ്ങൾ റാവൽജിയുടെ നേതൃത്വത്തിൽ ഇന്നും കടുകിട തെറ്റാതെ അനുവർത്തിച്ചുവരുന്നു.

റാവൽജിക്കു മാത്രമേ ബദരിനാഥന്റെ വിഗ്രഹത്തിൽ സ്പർശിക്കുവാൻ അധികാരമുള്ളൂ. പ്രാധാനപൂജകളെക്കെ ചെയ്യുന്നതും റാവൽജി മാത്രമാണ്. സംസ്‌കൃതത്തിലും പൂജാക്രമങ്ങളിലും അഗാധപാണ്ഡിത്യമുള്ള റാവലിനെ നിയമിക്കുന്നത് ബദരിനാഥിലെ ക്ഷേത്ര കമ്മിറ്റിയും ടെഹരിഗഢ്വാളിലെ മഹാരാജാവും കൂടി ആലോചിച്ചിട്ടാണ്.
സ്വർണം, വെള്ളി എന്നിവ കൊണ്ട് പണി തീർത്ത ഓരോ വലിയ ദണ്ഡും, ഒരുജോഡി സ്വർണ വളകളും രാജോജിതമായ മേൽവസ്ത്രങ്ങളും മോൽശാന്തിയായി അവരോധിക്കുമ്പോൾ ടെഹരി രാജാവ് നൽകുന്നു. ബദരിപുരിയിലെ കിരീടം വയ‌്ക്കാത്ത രാജാവാണ് റാവൽജി.
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ പിലാത്തറ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് നിലവിൽ ബദരിനാഥിലെ റാവൽജി. അതികഠിനമായ നിഷ്‌ഠകളിൽ ഊന്നിയാണ് അദ്ദേഹത്തിന്റെ ജീവിതം.
തണുത്തുറഞ്ഞ മഞ്ഞുമലകളിലൂടെ നഗ്‌നപാദനായി നടന്നുവേണം റാവലിന് ബദരിനാഥന്റെ സമക്ഷത്തിൽ എത്തിച്ചേരാൻ. സാധാരണ ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിലധികമാണ് ബദരിനാഥിലെ റാവലിന്റെ ആചാരാനുഷ്‌ഠാനങ്ങൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *