ന്യൂഡല്‍ഹി -സാക്ഷി മാലിക്കിനും ബജ്‌റംഗ് പുനിയക്കും പിന്നാലെ കൂടുതല്‍ താരങ്ങള്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നു. ഗുസ്തി താരം വിനേഷ് ഫൊഗട്ടും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചു 2020ല്‍ ലഭിച്ച മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരവും തൊട്ടുമുമ്പ് ലഭിച്ച അര്‍ജുന പുരസ്‌കാരവും തിരിച്ചു നല്‍കുകയാണെന്ന് പ്രഖ്യാപിച്ച് വിനേഷ് ഫൊഗട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ഹിന്ദിയിലെഴുതിയ രണ്ടു പേജുള്ള കത്ത് വിനേഷ് എക്‌സില്‍ പങ്കുവച്ചു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ സ്വന്തക്കാരനായ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധവുമായി താരങ്ങള്‍ രംഗത്തെത്തിയത്.
ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ജന്തര്‍ മന്ദറില്‍ സാക്ഷിക്കും പുനിയക്കുമൊപ്പം സമരത്തിന് നേതൃത്വം നല്‍കിയവരിലൊരാളായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ വിനേഷ് ഫൊഗട്ട്. എല്ലാ പെണ്‍കുട്ടികളും രാജ്യത്ത് അഭിമാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഈ സംഭവത്തോടെ തന്റെ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടെന്നും വിനേഷ് ഫൊഗട്ട് കത്തില്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ മെഡല്‍ നേടിയപ്പോള്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച സര്‍ക്കാര്‍ തങ്ങള്‍ ബ്രിജ്ഭൂഷനെതിരേ പ്രതിഷേധിച്ചപ്പോള്‍ തങ്ങളെ രാജ്യദ്രോഹികളായി കണ്ടുവെന്നും കത്തില്‍ പറയുന്നു.
പരസ്യങ്ങളുള്ള ആ ഫാന്‍സി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പഴയതായിത്തീര്‍ന്നു. സാക്ഷി മാലികും ഇപ്പോള്‍ വിരമിച്ചു. ചൂഷകന്‍ തന്റെ ആധിപത്യം തുടരുമെന്ന് പറയുകയും വളരെ അപരിഷ്‌കൃതമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിന്റെ അഞ്ച് മിനിറ്റ് മാറ്റിവെച്ച് മാധ്യമങ്ങളില്‍ ആ മനുഷ്യന്‍ നല്‍കുന്ന പ്രസ്താവനകള്‍ ശ്രദ്ധിക്കുക. അയാള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാം. പരാതിക്കാരായ നിരവധി വനിതാ ഗുസ്തിക്കാരെ പിന്മാറാന്‍ നിര്‍ബന്ധിച്ചുവെന്നത് വളരെ ഭയാനകമാണ്.
ഈ മെഡലുകള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ്. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയപ്പോള്‍ രാജ്യം മുഴുവന്‍ നമ്മളില്‍ അഭിമാനം കൊള്ളുന്നു. ഇപ്പോള്‍ നമ്മള്‍ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നു. ഞങ്ങള്‍ രാജ്യദ്രോഹികളാണോ പ്രധാനമന്ത്രീയെന്നും വിനേഷ് കത്തില്‍ ചോദിച്ചു. പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് പദ്മശ്രീ ഡല്‍ഹിയിലെ തെരുവില്‍ ഉപേക്ഷിച്ച ബജ്‌റംഗിന്റെ ചിത്രം ശ്വാസം മുട്ടിക്കുന്നതാണെന്നും വിനേഷ് പറഞ്ഞു. എന്റെ അവാര്‍ഡുകളോട് എനിക്ക് വെറുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു. എനിക്ക് ഈ അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ എന്റെ അമ്മ ഞങ്ങളുടെ അയല്‍പക്കത്ത് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. അവാര്‍ഡ് ലഭിച്ചെന്ന ഇമേജില്‍ നിന്ന് ഇപ്പോള്‍ ഞാന്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു, കാരണം അത് ഒരു സ്വപ്‌നമായിരുന്നു. ഞങ്ങള്‍ക്ക് ഇപ്പോള്‍ സംഭവിക്കുന്നത് യാഥാര്‍ത്ഥ്യമാണെന്നും വിനേഷ് കത്തില്‍ പറഞ്ഞു.
2023 December 26Kalikkalamtitle_en: Vinesh Phogat returns Khel Ratna, Arjuna Award