തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര്‍ കാരാന്തല ഈന്തിവിള വീട്ടില്‍ അഖില്‍ (31), കരിപ്പൂര്‍ കാരാന്തല ആലുവിള വീട്ടില്‍ വിനില്‍ (32) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജുകുമാ(48)റിനെ ആക്രമിച്ച കേസിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പ്രതികളെ ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങി നില്ക്കാന് പറഞ്ഞതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. അത്യാഹിത വിഭാഗത്തിലെ ഡ്രസിംഗ് റൂമില്‍ മറ്റൊരു സ്ത്രീക്ക് പ്ലാസ്റ്റര്‍ ഇട്ടുകൊണ്ട് ഇരുന്നതിനാലാണ് ഇരുവരോടും സെക്യൂരിറ്റി ജീവനക്കാരന് പുറത്ത് ഇറങ്ങി നില്ക്കാന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രതികളും വിജുകുമാറും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇരുവരും ചേര്‍ന്ന് വിജുകുമാറിനെ ആക്രമിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.