ന്യൂയോർക്ക് : 2020 തിരഞ്ഞെടുപ്പു തന്നിൽ നിന്നു ജോ ബൈഡൻ തട്ടിയെടുത്താണെന്ന കഥ ആവർത്തിച്ചു നാടകം കളി തുടർന്നാൽ ഡൊണാൾഡ് ട്രംപും പാർട്ടിയും 2024ലെ എല്ലാ തെരഞ്ഞെടുപ്പുകളും തോൽക്കുമെന്ന് അദ്ദേഹത്തിന്റെ പക്ഷത്തു നിന്നു പോന്ന സൗത്ത് കരളിന റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയം തിങ്കളാഴ്ച പറഞ്ഞു.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായാൽ പഴയ കഥ ആവർത്തിക്കരുതെന്ന് ഗ്രീയം താക്കീതു നൽകി. ജനങ്ങൾ അതു കേട്ടു മടുത്തു.
2020ലെ ഫലം താൻ അംഗീകരിക്കുന്നുവെന്നു ഗ്രെയം എ ബി സി യുടെ ‘ദിസ് വീക്ക്’ പരിപാടിയിൽ പറഞ്ഞു. “പക്ഷെ 2024നെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. സുരക്ഷയും സാമ്പത്തിക നിലയും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ട്രംപ് സംസാരിക്കട്ടെ, അദ്ദേഹത്തിനു ജയിക്കാം. പഴയ കഥ പറഞ്ഞു നടന്നാൽ തോൽക്കും.”
കൊളറാഡോ സുപ്രീം കോടതി ട്രംപിനെ അയോഗ്യനാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നു ഗ്രെയം പറഞ്ഞു. “ട്രംപിനോടുള്ള വിദ്വേഷം വ്യപാകമാണ്.”
തനിക്കെതിരെ കേസുകൾ കൊണ്ടുവരുന്ന പ്രോസിക്യൂട്ടർമാരെ വ്യക്തിപരമായി ആക്രമിക്കുന്നത് ട്രംപിന്റെ ശീലമാണ്. കോടതി വിധികൾ എതിരായാൽ ട്രംപ് ബുദ്ധിമുട്ടും. കൊളറാഡോ വിധി അത്തരത്തിൽ ഒന്നായിരുന്നു. മറ്റു സംസ്ഥാനങ്ങളും അത്തരം കേസുകൾ കൊണ്ടുവരാം.
നവംബർ 5നപ്പുറത്തേക്കു കേസുകൾ നീട്ടാനാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ ശ്രമിക്കുന്നത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ജനാഭിപ്രായം എതിരാവും.
നാസി ഭാഷ വരെ ഉപയോഗിച്ച ട്രംപിന്റെ വാക്കുകൾ മടുപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് സഹായികളുടെ ആശങ്ക. പോളിംഗിൽ മുന്നേറ്റം നടത്തുന്ന നിക്കി ഹേലി പറയുന്നത് അദ്ദേഹം അരാജകത്വ വാദിയാണെന്നാണ്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും ആ വാക്കു തന്നെ ഉപയോഗിച്ചു.
ജനുവരി 15നു അയോവ കോക്കസിൽ ട്രംപ് പിന്നിലായാൽ എതിർപ്പിന്റെ മൂർച്ച കൂടും. ജനുവരി 23നു ന്യൂ ഹാംപ്‌ഷെയർ പ്രൈമറിയിൽ ഹേലി ട്രംപിനെ തോൽപ്പിച്ചാൽ മത്സരത്തിന്റെ സ്വഭാവം പാടേ മാറും.
ഫെബ്രുവരി 24നു നടക്കുന്ന സൗത്ത് കരളിന പ്രൈമറിയെ കുറിച്ചും ഹേലിക്കു ഉയർന്ന പ്രതീക്ഷയുണ്ട്. അവർ രണ്ടു തവണ ഗവർണറായ സ്റേറ്റാണത്.
ജൂലൈ 15നു റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷൻ നടക്കും മുൻപ് ട്രംപ് ശിക്ഷിക്കപ്പെട്ടാൽ അദ്ദേഹത്തിന്റെ നോമിനേഷനു വലിയ എതിർപ്പുണ്ടാവും. “ഏതെങ്കിലും പാർട്ടി ശിക്ഷിക്കപ്പെട്ടയാളെ സ്‌ഥാനാർഥിയാക്കുമോ,” റിപ്പബ്‌ളിക്കൻ പോൾസ്റ്റർ വിറ്റ് അയേഴ്‌സ് ചോദിക്കുന്നു.