തലശ്ശേരി- 40 വർഷത്തോളം ദൽഹിയിലായിരുന്ന എനിക്ക് കോടിയേരി ഉൾപ്പെടെയുള്ള നേതാക്കളുമായി ഏറെ അടുപ്പമുണ്ടായിരുന്നില്ലെന്നും ഞാൻ ദൽഹിയിൽ ജോലി ചെയ്തിരുന്നില്ലെങ്കിൽ ചിലപ്പോൾ നല്ലൊരു സി.പി.എം പ്രവർത്തകനോ നേതാവോ ആകുമായിരുന്നുവെന്നും മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ സംഭവ ബഹുലമായ ജീവിതത്തിന്റെ അവിസ്മരണീയമായ ഏടുകൾ പകർത്തിയ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സെൽവൻ മേലൂരിന്റെ കോടിയേരി ഓർമച്ചിത്രങ്ങൾ ഫോട്ടോഗ്രഫി പ്രദർശനം മലയാള കലാഗ്രാമം ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.മുകുന്ദൻ.
നമ്മുടെ നാടിനെ ആന്തരികമായി ശിഥിലമാക്കാൻ ഉത്തരേന്ത്യയിൽ ശ്രമം നടക്കുമ്പോൾ അതിനെ പ്രതിരോധിക്കാനും നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി സൈദ്ധാന്തിക ബലമുള്ള എപ്പോഴും ചിരിച്ച് കൊണ്ടിടപെടുന്ന സൗമ്യനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു. പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവും ഊർജവുമുള്ള വഴികാട്ടി കൂടിയായിരുന്നു. ഉന്നത സ്ഥാനങ്ങളിൽ എത്തുമ്പോൾ എഴുത്തുകാരെയും ജനങ്ങളെയും മറന്നു പോകുന്ന നേതാക്കളെ നമുക്കറിയാം. എന്നാൽ കോടിയേരി ഉന്നത സ്ഥാനം അലങ്കരിക്കുമ്പോഴും തീർത്തും ജനകീയനായിരുന്നുവെന്ന് കഥാകാരൻ പറഞ്ഞു.
കലാഗ്രാമം ട്രസ്റ്റി ഡോ. എ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.ജയപ്രകാശൻ, ടി.എം. ദിനേശൻ, കെ.പി.സുനിൽകുമാർ, എസ്.കെ.വിജയൻ, കെ.കുമാരൻ, അർജുൻ പവിത്രൻ, ആർട്ടിസ്റ്റ് ശെൽവൻ മേലൂർ എന്നിവർ പ്രസംഗിച്ചു.
27 ന് വൈകുന്നേരം 5.30 ന് ജിത്തു കോളയാട് സംവിധാനം ചെയ്ത കോടിയേരി ദേശം കാലം ലഘുചിത്ര പ്രദർശനവും കലാഗ്രാമത്തിൽ നടക്കും.
ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറി, പുരോഗമന കലാ സാഹിത്യ സംഘം, ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറി, ഏടന്നൂർ ടാഗോർ ലൈബ്രറി, കുറിച്ചിയിൽ യംഗ് പയനിയേർസ്, മാഹി സ്‌പോർട്‌സ് ക്ലബ് എന്നിവ ചേർന്നാണ് പരിപാടികൾ നടത്തുന്നത്.
പ്രദർശനം 28ന് സമാപിക്കും.
2023 December 26Saudititle_en: I would have been a good CPM worker – M. Mukundan