കോഴിക്കോട് – ആർ.ജെ.ഡി.യെ മാത്രം മന്ത്രിസഭയിലെടുക്കാത്തതിൽ പാർട്ടിയിൽ കടുത്ത അമർഷമെന്ന് ദേശീയ സെക്രട്ടറി ജനറൽ വർഗീസ് ജോർജ് മലയാളം ന്യൂസിനോട് പറഞ്ഞു. ജനുവരിയിൽ രണ്ടാം വാരത്തിൽ കോഴിക്കോട്ട് ചേരുന്ന സുപ്രധാന യോഗത്തിൽ ഇതു സംബന്ധിച്ച നിലപാടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റ എം.എൽ.എ പാർട്ടികൾക്ക് രണ്ടര വർഷം മന്ത്രി പദവിയെന്നത് ഇടതുമുന്നണി തുടക്കത്തിൽ എടുത്ത തീരുമാനമാണ്. അതനുസരിച്ച് ആദ്യത്തെ രണ്ടര വർഷം പൂർത്തിയാക്കിയവർ മാറുകയും രണ്ട് കക്ഷികളുടെ പ്രതിനിധികൾ അധികാരമേൽക്കുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് ആർ.ജെ.ഡിയെ ഒഴിവാക്കിയെന്ന ചോദ്യത്തിന് ഉത്തരമില്ല. സാങ്കേതികമായി എൻ.ഡി.എയുടെ ഭാഗമായ ജനതാദൾ എസിന് പോലും മന്ത്രിയുണ്ട്. ദേശീയ തലത്തിൽ സി.പി.എം കൂടി ഉൾപ്പെട്ട ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷിയായ ആർ.ജെ.ഡിയെ നേരത്തെ ഒഴിവാക്കിയതിനും ഇപ്പോൾ പുനഃസംഘടനാ വേളയിലും പാർട്ടിയുടെ ആവശ്യം തള്ളുന്നതിനും ഇടതുമുന്നണി നേതൃത്വം ഒരു വിശദീകരണവും നൽകുന്നില്ല. ബിഹാറിൽ സി.പി.എമ്മിനും സി.പി.ഐക്കും നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത് ആർ.ജെ.ഡിയാണ്. ഇടതുമുന്നണിയോട് ആശയപരമായി യോജിക്കുന്ന സോഷ്യലിസ്റ്റുകളായ ആർ.ജെ.ഡി മന്ത്രിസഭാ പങ്കാളിത്തം നൽകിയ ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, കടന്നപ്പള്ളി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മുന്നണിയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ജനപിന്തുണയുള്ള കക്ഷിയാണ്. മലബാറിലെങ്കിലും 20 നിയമസഭ മണ്ഡലങ്ങളിൽ ജയപരാജയം നിശ്ചയിക്കാൻ ആർ.ജെ.ഡി.ക്ക് കഴിയും -അദ്ദേഹം പറഞ്ഞു.
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിന് എൻ.സി.പി.യിൽ സമ്മർദം ശക്തമാണ്. മന്ത്രിസഭാ രൂപവൽക്കരണ വേളയിൽ രണ്ടര വർഷം വീതം രണ്ടു പേർക്ക് എന്ന ധാരണ ഉണ്ടാക്കിയിരുന്നതാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. തോമസ് ചാണ്ടി അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാറിനെ കണ്ടിരുന്നു. തീരുമാനം കൈക്കൊള്ളാൻ പീതാംബരൻ മാസ്റ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഉടനെ തീരുമാനം ഉണ്ടാകുമെന്ന് തോമസ് ചാണ്ടി പറഞ്ഞു.
2023 December 26Keralatitle_en: The National Secretary said that he was very angry that RJD was not included in the cabinet