വര്‍ക്കല: കേരളത്തില്‍ ബീച്ച് ടൂറിസത്തിന് വലിയ സാധ്യതയാണുള്ളതെന്നും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ ജില്ലകളില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്‍റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കല പാപനാശം ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബീച്ച് ടൂറിസത്തിന്‍റെ സാധ്യത സംസ്ഥാനം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്നും കടലിനെ ടൂറിസവുമായി കോര്‍ത്തിണക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജലകായിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ തീരമാണ് കേരളത്തിന്‍റേത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ കുറവാണ്. ഇത് ബീച്ചുകളില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍ സംസ്ഥാനത്തിന്‍റെ വരുമാനത്തില്‍ തന്നെ വലിയ ഗുണം ചെയ്യും.
കഴിഞ്ഞ മാസം നടന്ന പ്രഥമ ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ബീച്ച് ടൂറിസത്തില്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് നിരവധി നിക്ഷേപകരാണ് മുന്നോട്ടുവന്നത്. ഇത് ഉള്‍ക്കൊണ്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കൂടുതല്‍ ബീച്ച് ടൂറിസം പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രധാന വിനോദ, തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ വര്‍ക്കലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍പ്ലാനിന് രൂപം നല്‍കിയിട്ടുണ്ട്. ഇത് 2024 ല്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ നിരവധി വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളുള്ള വര്‍ക്കലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ക്കല ബീച്ചിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വി ജോയ് എംഎല്‍എ പറഞ്ഞു. വര്‍ക്കല ബീച്ചിന്‍റെ വികസനത്തിന് ഫ്ളോട്ടിങ് ബ്രിഡ്ജ് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, വൈസ് ചെയര്‍പേഴ്സണ്‍ കുമാരി സുദര്‍ശിനി, കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി.അജയകുമാര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിതിന്‍ നായര്‍, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്. കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ സവിശേഷത. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം. ഒരേസമയം 100 സന്ദര്‍ശകര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാം. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം.
700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, വര്‍ക്കല മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് വര്‍ക്കലയിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed