ഗാസ: ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചതെന്ന് പലസ്തീന്‍ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മറുവശത്ത്, വടക്കന്‍ ഗാസയിലെ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ നിന്ന് അഞ്ച് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
കൂടാതെ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യേക വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൂടി കൊല്ലപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഗാസയില്‍ ഞായറാഴ്ച രാത്രി ആരംഭിച്ച ഇസ്രായേല്‍ ആക്രമണം ക്രിസ്മസ് ദിനമായ തിങ്കളാഴ്ച രാവിലെ വരെ തുടര്‍ന്നു. പ്രദേശവാസികളും പലസ്തീനിയന്‍ മാധ്യമങ്ങളും പറയുന്നതനുസരിച്ച്, മധ്യ ഗാസയിലെ അല്‍-ബുറൈജില്‍ ഇസ്രായേല്‍ വ്യോമ-കര മേഖലകളിലൂടുള്ള ഷെല്ലാക്രമണം ശക്തമാക്കി.
മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ കൊല്ലപ്പെട്ട 70 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖിദ്ര റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഹമാസ് നടത്തിയ പ്രസ്താവനയില്‍ വ്യോമാക്രമണത്തെ ‘ഭയങ്കരമായ കൂട്ടക്കൊല’ എന്നും ‘പുതിയ യുദ്ധക്കുറ്റം’ എന്നും വിശേഷിപ്പിച്ചു.