ജമ്മു കശ്മീരിലെ പൂഞ്ച്-രജൗരി സെക്ടറിലെ മൂന്ന് സാധരണക്കാരുടെ മരണത്തിന് പിന്നാലെ ബ്രിഗേഡിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു. സാധരണക്കാരുടെ മരണത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം പ്രദേശത്തെ ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ ആറാം ദിവസത്തിലേക്ക് കടന്നു.
പൂഞ്ച് ജില്ലയിലെ ധാത്യാര്‍ മോറിന് സമീപമുള്ള വളവില്‍ വച്ച് കനത്ത ആയുധധാരികളായ ഭീകരര്‍ രണ്ട് സൈനിക വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ നാല് സൈനികരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം സൈന്യം ദേരാ കി ഗാലിയിലെയും ബഫ്‌ലിയാസിലെയും വനമേഖലകളില്‍ വ്യോമ നിരീക്ഷണവും തീവ്രമായ ഗ്രൗണ്ട് കോമ്പിംഗ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ശനിയാഴ്ചയാണ് പൂഞ്ചില്‍ മൂന്ന് സാധാരണക്കാരെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേഖലയിലെ സാധാരണക്കാരുടെ മരണങ്ങളുടെ പശ്ചാത്തലത്തില്‍ സൈന്യം ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും മറ്റു ചിലരുടെ പോസ്റ്റിംഗുകള്‍ പുനഃക്രമീകരിക്കുകയും ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി.
അതേസമയം ജമ്മുവിലെ നഗ്രോട്ടയിലെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് ആസ്ഥാനത്ത് സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡെ ഒരു സുപ്രധാന സുരക്ഷാ അവലോകന യോഗത്തില്‍ പങ്കെടുക്കുകയും പ്രശ്ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. 16 കോര്‍പ്സില്‍ നിന്നും രാഷ്ട്രീയ റൈഫിള്‍സില്‍ നിന്നും നിലവിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പ്രദേശത്തെ തീവ്രവാദ വിരുദ്ധ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന് നടപ്പിലാക്കേണ്ട നടപടികളെക്കുറിച്ചും കരസേനാ മേധാവിക്ക് സമഗ്രമായ വിശദീകരണങ്ങള്‍ ഈ യോഗത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാല്‍ രജൗരി-പൂഞ്ച് സെക്ടറില്‍ തിങ്കളാഴ്ച തുടര്‍ച്ചയായ മൂന്നാം ദിവസവും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. കഴിഞ്ഞയാഴ്ച സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഏറ്റെടുത്തിരുന്നു. യുഎസ് നിര്‍മ്മിത എം4 കാര്‍ബൈന്‍ ആക്രമണ റൈഫിളുകള്‍ കാണിക്കുന്ന ചിത്രങ്ങള്‍ ഭീകരര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.