തിരുവനന്തപുരം – ഗാസയിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും ലോകത്ത് നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുകയാണെന്നും മലങ്കര കത്തോലിക്കാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ദേവാലയത്തിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നല്കുകയായിരുന്നു അദ്ദേഹം. യുക്രൈനിൽ എത്ര പേരാണ് വിധവകളായത്. എത്ര പേരാണ് കൊല്ലപ്പെട്ടത്. മറ്റാരോടോ ചെയ്യുന്ന ഹീന പ്രവൃത്തിയായി മാത്രം നാം അതിനെ കാണുമ്പോൾ നമ്മൾ സത്യത്തിൽനിന്നും ഓടിയൊളിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ശശി തരൂർ എം.പി ഉൾപ്പെടെയുള്ള വിവിധ പൊതുപ്രവർത്തകരും ക്രിസ്മസ് ആശംസ നേരാൻ ദേവാലയത്തിൽ എത്തി.
അതിനിടെ, നവകേരള സദസ്സിനിടെ ഉയർന്ന പ്രതിഷേധങ്ങൾക്കു നേരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ‘രക്ഷാപ്രവർത്തനത്തെ’ പരോക്ഷമായി വിമർശിച്ച് ലത്തീൻ കത്തോലിക്ക ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ രംഗത്തെത്തി. സത്യം വളച്ചൊടിക്കുകയാണെന്നും രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നല്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പാതിരാ കുർബാനയ്ക്ക് മുന്നോടിയായുള്ള ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്നു. സൗകര്യാർത്ഥം സത്യം വളച്ചൊടിക്കപ്പെടുന്നു. നീതി നിഷേധിക്കപ്പെടുന്നു. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ മാറ്റിനിർത്തുന്ന പ്രവണത, വിവേചനങ്ങൾ കൂടിക്കൂടി വരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യേശു ഈ ഭൂമിയിൽ ഭൂജാതനായത് ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസത്തിന് വേണ്ടിയിട്ടല്ല. ലോകം മുഴുവനുള്ള എല്ലാ മനുഷ്യർക്കും വേണ്ടിയാണെന്നും ബിഷപ്പ് തോമസ് ജെ നെറ്റോ വ്യക്തമാക്കി.
2023 December 25KeralagazaMar Baselios Clemis Bavatitle_en: Number of babies dying in Gaza is shocking – Mar Baselios Clemis Bava