ആലപ്പുഴ: ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലും സെക്യൂരിറ്റി ഓഫീസര്‍ സന്ദീപുമടക്കം അഞ്ച് പ്രതികള്‍.
കേസില്‍ ഗണ്‍മാന്‍ അനിലാണ് ഒന്നാം പ്രതി. സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റ് മൂന്ന് പ്രതികള്‍.
മര്‍ദ്ദനമേറ്റ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസും നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയാറായത്.
ഗണ്‍മാന്‍ മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നായിരുന്നു സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ മര്‍ദ്ദനമേറ്റവരുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇവരോട് തെളിവുകള്‍ ഹാജരാക്കാനും ആവശ്യപ്പെടും. ഇതിന് ശേഷം പ്രതികള്‍ക്ക് നോട്ടീസ് നല്‍കും. ഇവരെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പോലീസ് പറയുന്നു.