തിരുവനന്തപുരം: സർക്കാർ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെല്ലാം സ്മാർട്ടാവുകയാണ്. നിലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയടക്കം ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഞൊടിയിടയിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് സോഫ്‍റ്റ് വെയർ പുതുവർഷത്തിൽ പ്രവർത്തിച്ച് തുടങ്ങും.
വിവാഹ സർട്ടിഫിക്കറ്റ്, കെട്ടിട പെർമിറ്റ് എന്നിവയെല്ലാം ഞൊടിയിടയിൽ ജനങ്ങളുടെ കൈയിലെത്തുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. ഉദാഹരണത്തിന് കെട്ടിട നിർമ്മാണ പെർമിറ്റിനായി തദ്ദേശ സ്ഥാപനങ്ങളിൽ വർഷങ്ങൾ കയറിയിറങ്ങി മടുത്തവരുണ്ടാവും. എന്നാൽ ഇനി കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷിച്ച് 30 സെക്കൻഡിനകം അപേക്ഷകന് കെ-സ്മാർട്ടിലൂടെ ലഭ്യമാക്കുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം.

വിവാഹസർട്ടിഫിക്കറ്റിനും ഇനിമുതൽ ദമ്പതികൾ നേരിട്ട് എത്തേണ്ട കാര്യമില്ല.  ലോകത്ത് എവിടെയിരുന്നും വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഇതിനായി ഇനിമുതൽ തദ്ദേശസ്ഥാപനങ്ങൾ കയറി ഇറങ്ങേണ്ട സ്ഥിതിയുണ്ടാവില്ല. ഇതും സാദ്ധ്യമാക്കുന്നത് കെ-സ്മാർട്ട് സോഫ്‍റ്റ്‍വെയറാണ്.

 കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും നിലവിലുള്ള എല്ലാ സോഫ്റ്റുവെയറുകളെയും സംയോജിപ്പിച്ച് പുതുവർഷത്തിൽ നടപ്പാക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ കെ. സമാർട്ട് സോഫ്റ്റ്‌വെയറിലൂടെയാണ് പുതിയ സൗകര്യം ലഭ്യമാകുന്നത്. സോഫ്റ്റ്‌വെയറിലെ വീഡിയോ കെ.വൈ.സി സംവിധാനത്തിലൂടെയാണ് ഓൺലൈനായി നടപടികൾ പൂർത്തിയാക്കി വിവാഹസർട്ടിഫിക്കറ്റ് നൽകുന്നത്.
തദ്ദേശസ്ഥാപനങ്ങളിലേക്ക് കെ സമാർട്ട് വഴി ലഭിക്കുന്ന വിവാഹരജിസ്ട്രേഷൻ അപേക്ഷകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് ദമ്പതികളെ വീഡിയോ കോൺഫറസിലൂടെ ഒരേസമയം സംസാരിച്ച് നടപടികൾ പൂർത്തിയാക്കും.
ചുരുങ്ങിയ ദിവസങ്ങളുടെ അവധിയിൽ വിവാഹത്തിനായി നാട്ടിലെത്തി മടങ്ങുന്ന വധൂവരൻമാർക്ക് തദ്ദേശസ്ഥാപനങ്ങളിൽ എത്താൻ കഴിയാത്തതിനാൽ വിവാഹ രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഭാവിയിൽ ഇത് പ്രതിസന്ധിയാവുകയും ചെയ്യുമായിരുന്നു. ബ്ലോക്ക് ചെയിൻ, ചാറ്റ് ജി.പി.ടി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് കെ.സ്മാർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വിവാഹ സർട്ടിഫിക്കറ്റിന് പുറമേ കെ.സ്മാർട്ടിന്റെ വരവോടെ സ്വയംസാക്ഷ്യപ്പെടുത്തിയ കെട്ടിടനിർമ്മാണ പെർമിറ്റുകൾ 30സെക്കൻഡിൽ ലഭിക്കും. 3000 സ്ക്വയർ ഫീറ്റ് വരെയുള്ള ലോ റിസ്ക്ക് നിർമ്മാണങ്ങൾക്ക് കെട്ടിടഉടമയും ബിൾഡിംഗ് ഡിസൈനറും സംയുക്തമായി നൽകുന്ന സ്വയംസാക്ഷ്യപ്പെടുത്തുന്ന സത്യവാംഗ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് അനുവദിക്കുന്നത്.
എന്നാൽ നിലവിൽ നഗരസഭകളിലെ ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയറിലൂടെ ഇത് ലഭിക്കാൻ മൂന്ന് ദിവസത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പുതിയ സോഫ്റ്റ്‌വെയറിന്റെ വരവോടെ 30സെക്കൻഡിൽ ഇത് ലഭിക്കും.

ബിൽഡിംഗ് പെർമിറ്റ് അപേക്ഷകൾക്കായി കോഴിക്കോട് കോർപറേഷനിൽ സുവേഗയും മറ്റ് കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ഐ.ബി.പി.എം.എസുമാണ് ഉപയോഗിക്കുന്നത്. ജനുവരി ഒന്നു മുതൽ ഇവയുടെ പ്രവർത്തനം ഭാഗികമായി അവസാനിപ്പിക്കും. ഒരുമാസത്തിനുള്ളിൽ ഇത് പൂർണമായി അവസാനിപ്പിക്കും. 

വിവാഹസർട്ടിഫിക്കറ്റും ബിൾഡിംഗ് പെർമിറ്റും ഉൾപ്പെടെ അനായാസം ലഭിക്കുന്ന കെ.സ്മാർട്ട് ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തുകളിലും എത്തും.ഇതോടെ പഞ്ചായത്തുകളിൽ നിലവിലുള്ള സോഫ്റ്റുവെയറുകളെല്ലാം അവസാനിപ്പിക്കും.    ജനങ്ങൾക്ക് സേവനം വീട്ടിൽ ലഭിക്കണമെങ്കിൽ ഓഫീസുകൾ കയറി ഇറങ്ങുന്ന സ്ഥിതിയുണ്ടാവരുതെന്നാണ് സർക്കാർ നയം.
 അഴിമതി തടയാൻ ജനങ്ങൾ പരമാവധി ഓഫീസുകളിൽ കയറിയിറങ്ങുന്നത് അവസാനിപ്പിച്ച് സേവനങ്ങളെല്ലാം ഓൺലൈൻ രീതിയിലാക്കണമന്ന് ഏറെക്കാലമായി വിജിലൻസ് റിപ്പോർട്ട് ചെയ്യുന്നതാണ്. കെ-സ്മാർട്ട് വഴി ഇത് പ്രാവർത്തികമാവുമെന്ന് പ്രതീക്ഷിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *