പരിയാരം: കണ്ണൂര്‍ പരിയാരം ചിതപ്പിലെ പൊയിലില്‍ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് സുള്ളന്‍ സുരേഷാണ് പിടിയിലായത്. 
കേസിലെ ഒന്നാംപ്രതിയാണ് ഇയാള്‍. കൂട്ടാളികളായ സഞ്ജീവ്കുമാര്‍, ജെറാള്‍ഡ്, രഘു എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാനുള്ളത്. 
ഒക്ടോബര്‍ 19നാണ് സംഭവം. ചിതപ്പിലെ പൊയിലിലെ ഡോ. സക്കീര്‍ അലിയുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് ഒരു സംഘം അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവച്ച് ആക്രമിച്ച് ഒമ്പത് പവന്റെ ആഭരണങ്ങളും 15,000 രൂപയും കവരുകയായിരുന്നു. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍പ്രതിയാണ് സുരേഷ്. 
ഒരാഴ്ച്ചയായി എസ്.എച്ച്.ഒ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പരിയാരം പോലീസിന്റെ പ്രത്യേകസംഘം സുള്ളന്‍ സുരേഷിനെ പിടികൂടാനായി തമിഴ്നാട്ടിലായിരുന്നു. പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സുള്ളന്‍ സുരേഷ് കര്‍ണാടകയിലേക്ക് കടക്കാനായി ഇന്നലെ ഉച്ചയോടെ ജോലാര്‍പേട്ട റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഷിജോ അഗസ്റ്റിന്‍, അഷറഫ്, രജീഷ്, സയ്യിദ്, നൗഫല്‍ എന്നീ പോലീസുകാരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *