സ്റ്റീവനേജ്: സംഗീത-നൃത്ത വിസ്മയങ്ങൾ സംഘടിപ്പിച്ചും, ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും യു കെ യിൽ ഏറെ പ്രശസ്തമായി മാറിയ 7 ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 നു സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു. മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ വെച്ച് തദവസരത്തിൽ നടത്തപ്പെടും.
7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഉള്ളു നിറയെ ആനന്ദിക്കുവാനും ആവോളം ആസ്വദിക്കുവാനുള്ള മെഗാ കലാ വിരുന്നാവും സ്റ്റീവനേജിൽ ഒരുങ്ങുക. സീസൺ 7 ന് വേദി ഉയരുമ്പോൾ ഈ വർഷം 7 ബീറ്റ്സിനോടൊപ്പം അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാസ്കാരിക-സാമൂഹിക കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.
യു കെ യിലെ പ്രഥമ പ്ലാൻഡ് സിറ്റിയും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജിൽ 2024 ഫെബ്രുവരി 24 നു ശനിയാഴ്ച്ച 3 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിനു ഈ വർഷം യവനിക ഉയരുക.
ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ ജേതാവും, കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുമുള്ള മലയാളം കവിയും ഗാനരചയിതാവുമായ ഓ എൻ വിക്ക് അദ്ദേഹത്തിന്റെ തന്നെ ഗാന ശകലങ്ങൾ കോർത്തിണക്കി അർഹമായ പാവന അനുസ്മരണമാണ് സംഘാടകർ ഒരുക്കുന്നത്. യൂകെയിലെ നിരവധി ഗായക പ്രതിഭകൾ ഓ.എൻ.വി സംഗീതവുമായി അരങ്ങിൽ സംഗീത വിരുന്നിനു സുവർണ്ണാവസരം ഒരുക്കുന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.
സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ ആറു വർഷമായി നിരവധി യുവ കലാകാർക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.
ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.
കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങാവാകുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229Cllr Dr Sivakumar:0747426997Jomon Mammoottil:07930431445Manoj Thomas:07846475589Appachan Kannanchira: 07737 956977
വേദിയുടെ വിലാസം:
Barclay Academy SchoolStevanageSG1 3RB