ആലപ്പുഴ: മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതി. മര്‍ദനമേറ്റവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
ഗണ്മാന് അനില്‍, എസ്കോര്‍ട്ട് ഉദ്യോഗസ്ഥന് സന്ദീപ്, കണ്ടാലറിയുന്ന മറ്റ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഇടപെടൽ.
ഡിസംബർ 15-നായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനത്തിയ പ്രവര്‍ത്തകരെ തൊട്ടുപിന്നാലെയുള്ള അകമ്പടി വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ അനിലും സന്ദീപും അടക്കമുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ ഇവര്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. മുഖ്യമന്ത്രിക്കെതിരായുള്ള പ്രതിഷേധം തടയുമ്പോഴുള്ള സാധാരണ പോലീസ് നടപടി മാത്രമാണ് അന്ന് നടന്ന മര്‍ദനമെന്നാണു ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ പോലീസ് മേധാവിക്കു നല്കിയ റിപ്പോര്‍ട്ട്.