മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ അനശ്വരയുടെ പ്രകടനത്തിനും കൈയ്യടി ലഭിക്കുന്നുണ്ട്. അനശ്വരയുടെ കരിയര്‍ ബെസ്റ്റ് എന്നെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. ഇപ്പോഴിതാ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് അനശ്വര.
‘ഈ നേരിനും നേരത്തിനും നന്ദി. നിങ്ങളുടെ എല്ലാവരുടേയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്നേഹം മാത്രം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളര്‍ന്നവളാണ് ഞാന്‍, കൂടെയുണ്ടാകണം’ അനശ്വര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഡിസംബര്‍ 21നാണ് നേര് പ്രദര്‍ശനത്തിന് എത്തിയത്.
വലിയ സസ്പെന്‍സുകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. അധികം ഹൈപ്പിലാതെ തിയേറ്ററുകളില്‍ എത്തിയത്. ആദ്യദിനം അഞ്ച് കോടിയ്ക്ക് മുകളില്‍ നേടിയ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
പ്രിയ മണി, സിദ്ദിഖ്, ജഗദീഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. ഹീറോ പരിവേഷങ്ങളോ അമിതമായ ട്വിസ്റ്റുകളോ ഇല്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ഒന്നൊന്നര ചിത്രമാണിതെന്നാണ് കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്.