തിരുവനന്തപുരം: പൊലീസ് മേധാവിയുടെ വസതിയ്ക്ക് ഉള്ളില്‍ പ്രവേശിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം ചെയ്ത സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വിഷയവുമായി ബന്ധപ്പെട്ട് ഡിഐജി രാഹുല്‍ ആര്‍ നായര്‍ തയ്യാറാക്കിയ ഉത്തരവ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. മുരളീധരന്‍ നായര്‍, സജിന്‍, മുഹമ്മദ് ഷെബിന്‍ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തത്.
മഹിളാ മോര്‍ച്ച പ്രര്‍ത്തകര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ വസതിക്കുള്ളില്‍ കടന്ന് പ്രതിഷേധിച്ച സംഭവം കേരള പൊലീസിന്റെ സല്‍പേരിന് കളങ്കം ഉണ്ടാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ സംഭവം പൊലീസ് ആസ്ഥാനത്തിന്റെ സല്‍പേരിനും കളങ്കം ഉണ്ടാക്കി. മേല്‍ ഉദ്യോഗസ്ഥരോട് ചോദിക്കാതെ ഗേറ്റ് തുറന്നു കൊടുത്തു എന്നതാണ് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
രണ്ട് സ്ത്രീകള്‍ നിവേദനം കൊടുക്കാനെന്ന പേരില്‍ എത്തി. ഇവരുടെ കൂടെ വന്ന നാലുപേര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി. ഡിജിപിയുടെ വീടിന്റെ പോര്‍ട്ടിക്കോയിലെത്തി മുദ്രാവാക്യം വിളിച്ചു. സുരക്ഷാ വീഴ്ച ഉണ്ടാവാന്‍ കാരണം ഗേറ്റ് തുറന്നു കൊടുത്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് അശ്രദ്ധയും നിരുത്തരവാദിത്തപരമായ സമീപനം എന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നില്ല എന്ന് സംഭവദിവസം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഡിഐജി രാഹുല്‍ ആര്‍ നായര്‍ തയ്യാറാക്കിയ ഉത്തരവില്‍ ഇന്റലിജന്‍സ് വീഴ്ചയുടെ പേരില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടില്ല.