ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയായ ആര്‍ജെഡിയും ഉടന്‍ ലയിക്കുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യ ബ്ലോക്കിലെ എല്ലാ ഘടകകക്ഷികളും ജനുവരിയോടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിതീഷ് കുമാര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന ബിജെപി നേതാവ് അവകാശവാദമുന്നയിച്ചത്. ‘ഞാന്‍ ലാലു ജിയുമായി വ്യക്തിപരമായ സമവാക്യങ്ങള്‍ പങ്കിടുന്നു, എനിക്ക് പരസ്യമായി വെളിപ്പെടുത്താന്‍ കഴിയാത്ത പല കാര്യങ്ങളും അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍ ഇത്രയും പറയട്ടെ, ജെഡിയു ഉടന്‍ ആര്‍ജെഡിയില്‍ ലയിക്കാന്‍ പോകുന്നു. അതിനാല്‍, സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ല,” സിംഗ് പറഞ്ഞു.
ഇന്ത്യാ ബ്ലോക്ക് മീറ്റില്‍ പങ്കെടുത്ത ശേഷം ലാലു പ്രസാദും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെ ഗിരിരാജ് സിംഗും ഒരു വിമാനം പങ്കിട്ടത് ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ അവകാശവാദങ്ങള്‍ ശക്തമായത്. ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ബീഹാറിന്റെ മുഖ്യമന്ത്രിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ സിങ്ങിന്റെ അവകാശവാദത്തെ യാദവ് നിഷേധിച്ചു. ‘കുറച്ച് ശ്രദ്ധ പിടിച്ചുപറ്റാനുള്ള തീവ്രമായ ശ്രമത്തില്‍ അതിരുകടന്ന പ്രസ്താവനകള്‍ നടത്താനാണ് സിംഗ് ഇഷ്ടപ്പെടുന്നത്. അസാധാരണമായ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ആരും അദ്ദേഹത്തെ ശ്രദ്ധിക്കില്ല’ യാദവ് പറഞ്ഞു. ജെഡിയു പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിംഗും സമാനമായ പ്രതിതരണമാണ് നടത്തിയത്.
ഹിന്ദുക്കള്‍ ഹലാല്‍ മാംസം കഴിക്കരുതെന്നും ഹിന്ദുക്കള്‍ ‘ജത്ഖ’ മാംസം (മൃഗങ്ങളെ വാളുകൊണ്ട് അല്ലെങ്കില്‍ കോടാലി കൊണ്ട് ഒറ്റയടിക്ക് കൊല്ലുന്ന രീതി) കഴിക്കണമെന്നുമുള്ള മന്ത്രി ഗിരിരാജ് സിങ്ങിന്റെ പരാമര്‍ശം അടുത്തിടെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബീഹാറിലെ തന്റെ പാര്‍ലമെന്റ് മണ്ഡലമായ ബെഗുസാരായിയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുതിര്‍ന്ന ബിജെപി നേതാവായ ഗിരിരാജ് സിംഗ്. ഹിന്ദുക്കള്‍ ഭക്ഷണം കഴിക്കുന്നതില്‍ ‘ധര്‍മം’ പാലിക്കാന്‍ ഊന്നല്‍ നല്‍കണമെന്നും, ഹലാല്‍ മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും തന്റെ അനുയായികളോട് പറഞ്ഞു.