ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ പാനലിന്റെ വിജയത്തില്‍ കടുത്ത നിലപാടുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. പത്മശ്രീ തിരിച്ച് നല്‍കുമെന്ന് ഗുസ്തി താരം വിരേന്ദര്‍ സിംഗ് യാദവ്. സാക്ഷി മാലിക്കിനും രാജ്യത്തെ പെണ്‍മക്കള്‍ക്കുമായി പത്മശ്രീ തിരികെ നല്‍കും. സമാനമായ തീരുമാനമെടുക്കാന്‍ വലിയ കായിക താരങ്ങളോട് അഭ്യര്‍ഥിക്കുന്നു എന്നും വിരേന്ദര്‍ സിംഗ് പറഞ്ഞു. വെളളിയാഴ്ച ഗുസ്തി താരം ബജ്‌റംഗ് പൂനിയ തന്റെ പത്മശ്രീ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിക്ക് മുന്നിലെ നടപ്പാതയില്‍ തിരികെവച്ച് പ്രതിഷേധമറിയിച്ചിരുന്നു.
‘ഈ രാജ്യത്തിന്റെ മകള്‍ക്കും സഹോദരിക്കും വേണ്ടി ഞാന്‍ പദ്മശ്രീ തിരിച്ചുനല്‍കും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍, ഞാന്‍ നിങ്ങളുടെ മകളെ കുറിച്ചോര്‍ത്ത്, എന്റെ സഹോദരിയെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നു,’ വിരേന്ദര്‍ സിംഗ് സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. അതേസമയം രാജ്യത്തെയും ഹരിയാനയിലെയും ഗുസ്തിക്കാര്‍ തനിക്കൊപ്പമാണെന്ന് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിം?ഗ് പറഞ്ഞു. പുതിയ ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിംഗിനൊപ്പം ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബ്രിജ് ഭൂഷന് തുറന്ന വാഹനത്തില്‍ വന്‍ സ്വീകരണം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെ നാണക്കേട് എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. രാജ്യത്തിന് വിജയങ്ങള്‍ നേടി നല്‍കിയ താരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പദ്മശ്രീ ഉപേക്ഷിച്ചിരിക്കുന്നു. പ്രധാനമന്ത്രി തനിക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയെന്നാണ് ബജ്‌റംഗ് പൂനിയ പറയുന്നത്. മോദി സര്‍ക്കാര്‍ താരങ്ങളെ നശിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വ്യാഴാഴ്ച ബ്രിജ്ഭൂഷണ്‍ പാനലിലെ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായാണ് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്.