കൊല്ലം: പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചതായി പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പത്തനാപുരം കോടതി ഫയലില്‍ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമ തീരുമാനം നാളെ വരാനിരിക്കെയാണ് പരാതി ഉയരുന്നത്. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത് സംബന്ധിച്ച് ഇടത് മുന്നണി യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സത്യപ്രതിജ്ഞ 29ന് നടക്കും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബര്‍ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം. ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നല്‍കുമെന്നത് എല്‍ഡിഎഫ് നേതൃത്വം നേരത്തെ നല്‍കിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *