റാവല്‍പിണ്ടി- കാണാതായ മകനെ ഏഴ് വര്‍ഷത്തിന് ശേഷം തെരുവില്‍ നിന്ന് അമ്മ കണ്ടെത്തി. സ്ത്രീകള്‍ ഉള്‍പ്പെട്ട ഭിക്ഷാടന സംഘത്തോടൊപ്പം റോഡരികില്‍ ഭിക്ഷ യാചിക്കുന്നതിനിടെയാണ്, മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അമ്മയുടെ ശ്രദ്ധയില്‍പെട്ടത്. പാകിസ്ഥാനിലെ ഡോണ്‍ ദിനപത്രിമാണ് റാവല്‍പിണ്ടിയില്‍ നിന്നുള്ള വികാരനിര്‍ഭരമായ ഈ പുനസമാഗമ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാനിലെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ മുസ്തഖീം ഖാലിദിന് ടൈഫോയ്ഡും പനിയും ബാധിച്ചതിന് ശേഷം ചില മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി. ഇതിന് പിന്നാലെ 2016ല്‍ അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. മാനസിക സമ്മര്‍ദം കാരണം നേരത്തെയും പലതവണ വീടുവിട്ടിറങ്ങിയിരുന്ന മുസ്തഖിമിനെ നാട്ടുകാര്‍ കണ്ടെത്തി തിരികെ വീട്ടിലെത്തിക്കുമായിരുന്നു. എന്നാല്‍ 2016ല്‍ കാണാതായ ശേഷം അദ്ദേഹം തിരികെ വന്നില്ല. അമ്മ ശഹീന്‍ അക്തര്‍, സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പല വഴിയില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.
പോകുന്നിടത്തെല്ലാം തന്റെ മകനായി പരതിയിരുന്ന അമ്മ ഏതാനും ദിവസം മുമ്പാണ് തഹ്ലി മൊഹ്രി ചൗക്കിലെ തെരുവില്‍ വെച്ച് മകനെ കണ്ടുമുട്ടിയത്. അവനൊപ്പം അപ്പോള്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ടായിരുന്നു. ഭിക്ഷയാചിച്ചു കൊണ്ടിരിക്കുകയായിരുന്നു മുസ്തഖിമിനെ കണ്ടതും അടുത്തേക്ക് ഓടിച്ചെന്ന് ശഹീന്‍ അക്തര്‍ അവനെ കെട്ടിപ്പിടിച്ചു. എന്നാല്‍ ഭിക്ഷാടക സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ അവരെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. പോലീസില്‍ വിവരമറിയിച്ചതോടെ ഭിക്ഷാടന മാഫിയ തലവന്‍ വാഹിദ് എന്നയാള്‍ അറസ്റ്റിലായി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകളെയും പിടികൂടി. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണവും തെരച്ചിലും തുടരുകയാണ്.
മുസ്തഖീം ഖാലിദിനെ ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോവുകയും തടങ്കലില്‍ വെച്ച് നിര്‍ബന്ധിപ്പിച്ച് ഭിക്ഷാടനത്തിന് തെരുവിലിറക്കുകയുമായിരുന്നു എന്നാണ് പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘത്തിന്റെ പിടിയിലായിരുന്ന സമയത്ത് ക്രൂരമായി ഉപദ്രവിക്കുകയും മരുന്നുകള്‍ കുത്തിവെയ്ക്കുകയും ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയട്ടുണ്ട്. മുസ്തഖമീന്റെ വൈകല്യം ഉപയോഗപ്പെടുത്തി ഭിക്ഷാടനം നടത്തിവരികയായിരുന്നു ഇവര്‍.
2023 December 23InternationalRawalpindisonbeggingmotherഓണ്‍ലൈന്‍ ഡെസ്‌ക് title_en: Pak Mother Finds Missing Son After 7 Years, Sees Him Begging

By admin

Leave a Reply

Your email address will not be published. Required fields are marked *