ടെഹ്‌റാന്‍: ഇസ്രയേല്‍ ഗാസയിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ മെഡിറ്ററേനിയന്‍ കടല്‍ അടയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്‍.
യു.എസ്സും അതിന്റെ സഖ്യകക്ഷികളും ഗാസയില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ തുടരുകയാണെങ്കില്‍ മെഡിറ്ററേനിയന്‍ കടല്‍ തങ്ങള്‍ക്ക് അടയ്‌ക്കേണ്ടിവരുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ പറഞ്ഞതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
‘മെഡിറ്ററേനിയന്‍ കടലും ജിബ്രാള്‍ട്ടര്‍ കടലിടുക്കും മറ്റ് ജലപാതകളും അടയ്ക്കുന്നത് കാണാന്‍ അവര്‍ക്ക് അധികം കാത്തിരിക്കേണ്ടി വരില്ല’, റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ നഖ്ദിയെ ഉദ്ധരിച്ച് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.
മെഡിറ്ററേനിയന്‍ കടലിലേക്ക് ഇറാന് നേരിട്ടുള്ള പ്രവേശനമാര്‍ഗം ഇല്ല. അതിനാല്‍ തന്നെ മെഡിറ്ററേനിയന്‍ കടല്‍പാത എങ്ങനെയാണ് ഇറാന്‍ അടയ്ക്കുക എന്ന കാര്യത്തില്‍ വ്യക്തതയുമില്ല. ലെബനനിലെ ഹിസ്ബുള്ളയും സിറിയയിലെ സഖ്യസേനയുമാണ് മെഡിറ്ററേനിയന്‍ പ്രദേശത്ത് ഇറാന്റെ പിന്തുണയുള്ള ആകെയുള്ള സംഘങ്ങള്‍.
ഗാസയില്‍ ഇസ്രയേലിനെതിരെ പോരാടുന്ന ഹമാസിന് ശക്തമായ പിന്തുണയാണ് ഇറാന്‍ നല്‍കുന്നത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് അമേരിക്കയെയാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *