ദുബായ്: ഇന്ത്യൻ മഹാസമുദ്രത്തില്‍ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലുമായി ബന്ധമുള്ള കപ്പലിനുനേരെയാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടർന്നു. പിന്നീട് തീയണച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നന്ന് അറിയിച്ച യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.