ഡബ്ലിന്‍ : ഗര്‍ഭിണിയായ വാടകക്കാരിയോട് വിവേചനപരമായി പെരുമാറി വീടൊഴിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷന് തള്ളിക്കളഞ്ഞു. തന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതിന് വീട്ടുടമയുമായുള്ള ഇടപെടലുകള്‍ രഹസ്യമായി ചിത്രീകരിച്ചതിനെ തെളിവായി സ്വീകരിക്കാന്‍ കമ്മീഷന് വിസമ്മതിച്ചു.
ഭൂവുടമയുമായി നടത്തിയ കൂടിക്കാഴ്ച രഹസ്യമായി ചിത്രീകരിച്ച വാടകക്കാരി മെഗന് കെന്നയുടെ ഉദ്ദേശ്യശുദ്ധി അംഗീകരിക്കാനോ തെളിവായി സ്വീകരിക്കനോ കഴിയില്ലെന്നും കമ്മീഷന് വ്യക്തമാക്കി. അപകടകരമായ സ്റ്റെയര്‍ കേസുകള്‍ ചൂണ്ടിക്കാട്ടി നിലവിലെ ഫ്ളാറ്റില്‍ നിന്നും ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു അപ്പാര്‍ട്മെന്റിലേയ്ക്ക് മാറണമെന്ന ആവശ്യത്തെ വിവേചനപരമായി വാടകക്കാരി ചിത്രീകരിക്കുകയായിരുന്നുവെന്ന വീട്ടുടമ ബ്രെന്‍ഡന്‍ ഒബ്രിയാന്റെ വാദം കമ്മീഷന് അംഗീകരിച്ചു.
ഡബ്ലിനിലെ ഹൗത്തിലെ അപ്പാര്‍ട്ട്മെന്റാണ് കുടുംബം വാടകയ്ക്കെടുത്തിരുന്നത്.ലിംഗ വിവേചനം ചൂണ്ടിക്കാട്ടി തന്നെയും ഭര്‍ത്താവ് വൈന ലാന്ഡൗറോയെയും താമസസ്ഥലത്തുനിന്നും ഒഴിവാക്കിയെന്നായിരുന്നു കെന്നയുടെ ആരോപണം. ഇത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും അതിനാല്‍ പ്രസവത്തിന് സിസേറിയന് വേണ്ടിവന്നുവെന്നും ഇവര്‍ ആരോപിച്ചു. ഈ വാദങ്ങള്‍ തെളിയിക്കുന്നതിനാണ് വീട്ടുടമയുമായി നടത്തിയ ഇടപെടലുകള്‍ റെക്കോഡ് ചെയ്ത് കമ്മീഷന് സമര്‍പ്പിച്ചത്. സിസേറിയന് വേണ്ടിവന്നത് സത്യമാണെന്നും എന്നാല്‍ അത് ബ്രയാന്റെ എന്തെങ്കിലും നടപടി മൂലമാണെന്ന കെന്നയുടെ ആരോപണത്തെ വീട്ടുടമ നിഷേധിച്ചു.
അപ്പാര്‍ട്ട്മെന്റിലേക്ക് കടക്കാനുള്ള 47 പടികളുള്ള സ്പൈറല്‍ ഗോവണിയെക്കുറിച്ചുള്ള ആരോഗ്യ-സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് കെന്നയോടും ഭര്‍ത്താവിനോടും താമസം മാറാന്‍ വീട്ടുടമ പറഞ്ഞതെന്ന് കമ്മീഷന് ബോധ്യപ്പെട്ടു.കുഞ്ഞ് കൂടി വന്നാല്‍ അത് അപകടകരമാകുമെന്നായിരുന്നു ബ്രയാന്‍, കെന്നയോട് പറഞ്ഞത്. എന്നാല്‍ രണ്ടു പേര്‍ക്കാണ് വീട് നല്‍കിയതെന്നും മൂന്നാമതൊരാള്‍ കൂടി താമസത്തിനെത്തുന്നത് കരാര്‍ലംഘനമാണെന്ന് പറഞ്ഞെന്നുമായിരുന്നു കെന്നയുടെ ആരോപണം. ഇതിനെ ബലപ്പെടുത്തുന്നതിനായി അടര്‍ത്തിയെടുത്ത റെക്കോഡിംഗുകളുമുണ്ടായിരുന്നു.
താനറിയാതെ രഹസ്യമായി വീഡിയോ ചിത്രീകരിച്ചതിന്റെ അധാര്‍മികതയും വീട്ടുടമ കമ്മീഷനില്‍ ചോദ്യം ചെയ്തു. സുരക്ഷിതമായി താമസിക്കാന്‍ സമീപത്തെ അപ്പാര്‍ട്മെന്റും ഓഫര്‍ ചെയ്തിരുന്നെന്നും വീട്ടുടമ വിശദീകരിച്ചു.ഉയര്‍ന്ന വാടകയായിരുന്നുവെന്ന് ആ വീടുകള്‍ക്ക് വൃത്തിയില്ലായിരുന്നുവെന്നും കെന്ന പറഞ്ഞു. ഗോവണിപ്പടി തനിക്ക് പ്രശ്നമായിരുന്നില്ലെന്നു കെന്ന വാദിച്ചു. എന്നാല്‍ ഈ വാദമൊന്നും കമ്മീഷന് ചെവിക്കൊണ്ടില്ല.
ഒരാളുടെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനെ അഡ്ജ്യുഡിക്കേറ്റര്‍ ആന്‍ഡ്രൂ ഹെവി വിമര്‍ശിച്ചു. മനപ്പൂര്‍വ്വം ഭൂഉടമയെ ട്രാപ്പില്‍ പെടുത്തുകയായിരുന്നുവെന്ന് കെന്നയുടെയും ഭര്‍ത്താവിന്റെയും വീഡിയോക്ലിപ്പിലെ സംഭാഷണം വ്യക്തമാക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. വീട്ടുടമയുടെ അസാന്നിധ്യത്തിലുള്ള സംഭാഷണ ശകലം ശക്തമായ തെളിവാണ്. അതിനെ അവിശ്വസിക്കേണ്ടതില്ലെന്നും അഡ്ജ്യുഡിക്കേറ്റര്‍ പറഞ്ഞു.
ബദല്‍ താമസസൗകര്യം നല്‍കുന്നതിന് ഒട്ടേറെ ഓപ്ഷനുകള്‍ നല്‍കിയതായി കെന്നയ്ക്ക് വീട്ടുടമ അയച്ച ഇമെയിലുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിലൊക്കെ വാടകക്കാരെ ഒരിക്കലും പുറത്താക്കുകയായിരുന്നില്ല വീട്ടുടമയുടെ ലക്ഷ്യമെന്നും കമ്മീഷന് ബോധ്യമായി. ആത്മാര്‍ഥവും സത്യസന്ധവുമായ ഇടപെടലായിരുന്നു അതെന്നും അഡ്ജുഡിക്കേറ്റര്‍ നിരീക്ഷിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കെന്നയുടെ പരാതി കമ്മീഷന് നിരസിക്കുകയായിരുന്നു.