പാലാ: കരൂര്‍ പഞ്ചായത്ത് ഏഴാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച,160 ലേറെ കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ  രണ്ടാം ഘട്ടം പൊതുജങ്ങൾക്കായി തുറന്നു കൊടുത്തു. 
കരൂർ നെടുമ്പാറയിൽ നടന്ന ചടങ്ങിൽ പൂർത്തീകരിച്ച രണ്ടാംഘട്ട പദ്ധതികളുടെ  ഉത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. 

2010 – ല്‍ പദ്ധതി നിലവിൽ വന്ന ശേഷം ആദ്യമായാണ് പദ്ധതിയുടെ പുനരുദ്ധാരണം നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്‍റെ ഫണ്ടിൽ നിന്നുള്ള 7 ലക്ഷം രൂപ മുടക്കിയാണ് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയത്. 

ചോര്‍ന്നൊലിച്ച് തകര്‍ച്ചയുടെ വക്കിലായിരുന്ന ഇരുപത്തയ്യായിരം ലിറ്റര്‍ സംഭരണശേഷിയുണ്ടായിരുന്ന ടാങ്കിന്‍റെ പുനരുദ്ധാരണം, കുഴല്‍കിണറില്‍ നിന്നും നേരിട്ട് ടാങ്കിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനുള്ള പുതിയ മോട്ടോര്‍, കരൂര്‍ ഭാഗത്തേയ്ക്കുള്ള 1550 മീറ്റര്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.
വാട്ടര്‍ ടാങ്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വാട്ടര്‍ പ്രൂഫ് ചെയ്തതോടെ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പമ്പിംങ്ങ് ഇനി പൂർണ നിലയിലാകും.

2010 -ല്‍ പദ്ധതി നിലവില്‍ വന്നശേഷം ഈ പദ്ധതിക്ക് യാതൊരു പരിഗണനയും പഞ്ചായത്തോ അധികൃതരോ നല്‍കിയിരുന്നില്ല. 160 തിലേറെ കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതാണ് പദ്ധതി. 

അതില്‍ പകുതിയിലേറെയും സ്വന്തമായി കിണറില്ലാതെ ഈ പദ്ധതിയെ മാത്രം ആശ്രയിക്കുന്നവരാണ്. ഗുണഭോക്താക്കളിൽ നല്ലൊരു പങ്കും പിന്നോക്കക്കാരുമാണ് .
 പദ്ധതിയുടെ പുനരുദ്ധാരണത്തിന് സഹായം അനുവദിക്കണമെന്ന കുടിവെള്ള പദ്ധതി ഭരണസമിതിയുടെ ആവശ്യത്തിന് വര്‍ഷങ്ങളു‍ടെ പഴക്കമുണ്ട്. 
ഒടുവില്‍ ഗുണഭോക്താക്കളുടെ ആവശ്യപ്രകാരം പ്രദേശവാസികൾ ശ്രദ്ധയില്‍പെടുത്തിയതോടെ ജില്ലാ പഞ്ചായത്തംഗം പദ്ധതിയുടെ രക്ഷയ്ക്കെത്തുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed