ഡബ്ലിന്‍: ഡബ്ലിന്‍ പാര്‍നെല്‍ സ്‌ക്വയറില്‍ കുട്ടികളെ ആക്രമിച്ച് വന്‍ കലാപത്തിന് ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ അമ്പതുകാരന്‍ റിയാദ് ബൗച്ചക്കര്‍ റിമാന്റില്‍. മൂന്ന് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ക്രെഷ് വര്‍ക്കറെ ആക്രമിച്ചതിനുമാണ് കേസ്.
അറബി ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതിയെ കോടതി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. ഡബ്ലിന്‍ ജില്ലാ കോടതി ജഡ്ജി ബ്രയാന്‍ സ്മിത്ത് ആണ് പ്രതിയെ റിമന്റ് ചെയ്തത്. ഡിസംബര്‍ 28 ന് വീഡിയോ ലിങ്ക് വഴി ക്ലോവര്‍ഹില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ ജഡ്ജി സ്മിത്ത് ഉത്തരവായി.
കഴിഞ്ഞ നവംബര്‍ 23നാണ് ഡബ്ലിനില്‍ മൂന്ന് കുട്ടികളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. അഞ്ച് വയസ്സുകാരി ഇപ്പോഴും ആശുപത്രിയില്‍ ജീവനായി പൊരുതുകയാണ്.മറ്റ് രണ്ട് കുട്ടികള്‍ നേരത്തേ ആശുപത്രി വിട്ടു. പാര്‍നെല്‍ സ്‌ക്വയറിലെ ഗെയ്ല്‍സ്‌കോയില്‍ നടന്ന സംഭവത്തില്‍ ഡബ്ലിനില്‍ നിന്നുള്ള ക്രഷ് വര്‍ക്കര്‍ ലിയാന്‍ ഫ്ളിന്‍ കിയോഗിനും ഗുരുതരമായി മുറിവേറ്റിരുന്നു.
കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണം ഡബ്ലിനില്‍ വന്‍ കലാപത്തിന് കാരണമായിരുന്നു.കൊള്ളയും കൊള്ളിവെപ്പുമടക്കമുള്ള സംഭവങ്ങളുണ്ടായി. ഇതുമായി ബന്ധപ്പെട്ട 40ലേറെ പേര്‍ അറസ്റ്റിലായി. ഇതില്‍ 30പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് കനത്ത പോലീസ് സന്നാഹത്തോടെയാണ് കോടതി നടപടികള്‍ മുന്നേറുന്നത്.