ജാതി സെന്‍സസിനെ എതിര്‍ക്കുന്നില്ലെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്). എന്നാല്‍ സെന്‍സസ് സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണമെന്നും രാഷ്ട്രീയം പാടില്ലെന്നും സംഘടന വ്യക്തമാക്കി. ഡിസംബര്‍ 19ന് ആര്‍എസ്എസിന്റെ പ്രവര്‍ത്തകരില്‍ ഒരാളായ ശ്രീധര്‍ ഗാഡ്ഗെ സെന്‍സസിനെ എതിര്‍ക്കുകയും ജാതി സെന്‍സസ് ഒരു പ്രത്യേക ജാതിയുടെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും അത് സാമൂഹികമായി അഭികാമ്യമല്ലെന്നും രാഷ്ട്രീയമായി ചിലര്‍ക്ക് പ്രയോജനപ്പെടുമെന്നും പറഞ്ഞിരുന്നു.
അതേസമയം ജാതി സെന്‍സസ് നടത്തുമ്പോള്‍ അത് വിള്ളലുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സംഘടന വ്യക്തമാക്കിയതായി ആര്‍എസ്എസ് പബ്ലിസിറ്റി ഹെഡ് സുനില്‍ അംബേക്കര്‍ പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ പറയുന്നു. വിവിധ ചരിത്രകാരണങ്ങളാല്‍ സമൂഹത്തിലെ പല വിഭാഗങ്ങളും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നുവെന്നത് സത്യമാണ്, അംബേക്കര്‍ പറഞ്ഞു. കാലാകാലങ്ങളില്‍ ഇത്തരം വിഭാഗങ്ങളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി വിവിധ സര്‍ക്കാരുകള്‍ പദ്ധതികളും പ്രത്യേക വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്, അത്തരം നടപടികളെ ആര്‍എസ്എസ് പൂര്‍ണമായി പിന്തുണയ്ക്കുന്നു, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും മറ്റ് ചില പ്രതിപക്ഷ പാര്‍ട്ടികളും ജാതി സെന്‍സസ് ആവശ്യപ്പെടുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ആവശ്യം ഒരു തിരഞ്ഞെടുപ്പ് വിഷയമായി. കഴിഞ്ഞ മാസം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി ഒരിക്കലും ജാതി സെന്‍സസിനെ എതിര്‍ത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.