കോഴിക്കോട്: ജീവനക്കാരുടെ അലംഭാവവും ബോർഡിൻ്റെ ധൂർത്തും സർക്കാരിൻ്റെ നിസ്സഹകരണവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് നൂറ് കോടി രൂപ വായ്പ നൽകാനുള്ള ചുമട് തൊഴിലാളി ക്ഷേമ ബോർഡിൻ്റെ തീരുമാനം പുനർ പരിശോധിക്കണമെന്ന് സ്റ്റേറ്റ് ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (എസ്. ടി യു) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാസങ്ങളായി കുടിശികയുള്ള നിർമ്മാണ തൊഴിലാളി പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ക്രിസ്തുമസിന് മുന്നേ നൽകി എന്ന അവകാശ വാദം ഉന്നയിക്കാൻ സർക്കാരും ഇരു ക്ഷേമനിധി ബോർഡുകളും തമ്മിലുള്ള സമവായ നീക്കമാണ് ഇപ്പൊൾ നടക്കുന്നത്.
നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് വരാനുള്ള കോടിക്കണക്കിന് രൂപയുടെ കെട്ടിട നിർമ്മാണ സെസ് പിരിച്ചെടുക്കാൻ ബോർഡോ സർക്കാരോ തയ്യറാകാത്തതും അനിയന്ത്രിതമായി താത്കാലിക ജീവനക്കാരെ പിൻവാതിൽ വഴി നിയമിച്ചും സർക്കാർ തന്നെ ബോർഡിനെ പ്രതിസന്ധിയിലാക്കി ഇപ്പൊൾ ചുമട് തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും കയ്യിട്ടുവാരാനാണ് നൂറ് കോടി കടമെടുക്കുന്നത്.
നേരത്തെ സർക്കാർ തന്നെ ചുമട് തൊഴിലാളി ബോർഡിൽ നിന്നും എടുത്ത മുന്നൂറ് കോടി രൂപ കുടിശികയാണ്. ചുമട് ക്ഷേമ ബോർഡിലെ വിരമിച്ച ഉദ്യോഗസ്ഥർക്ക് പെൻഷൻ ലഭ്യമാകാതിരിക്കുകയും തൊഴിലാളികൾക്ക് ലഭിക്കേണ്ട പെൻഷൻ, ടി.ബി.എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ കൊടുത്ത് തീർക്കാൻ കാലതാമസം എടുക്കുകയും ചെയ്യുമ്പോൾ ബോർഡിൻ്റെ ഫണ്ട് കൈമാറ്റം ചെയ്യുന്നത് ബോർഡിനെ പ്രതികൂലമായി ബാധിക്കുമെന്നും നിർമ്മാണ തൊഴിലാളി ബോർഡിനേയും അതിലെ തൊഴിലാളികളേയും സംരക്ഷിക്കണമെന്നും ബോർഡിനെ സഹായിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ തന്നെ ഏറ്റെടുക്കണമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എ. ടി അബ്ദു അധ്യക്ഷത വഹിച്ചു.ജന സെക്രട്ടറി എൻ മുഹമ്മദ് നദീർ, ട്രഷറർ സി.ജാഫർ സക്കീർ, ടി പി.കെ അബ്ദുല്ല, എ എം.കെ കോയ, എം.വി സമീർ, ഷാഫി ബേപ്പൂർ, അസ്‌ക്കർ കല്ലായി, മുസ്തഫ പേരാമ്പ്ര, മുസ്തഫ പുവ്വട്ടു പറമ്പ്, ഹംസക്കുട്ടി താമരശ്ശേരി, നൗഫൽ വലിയങ്ങാടി സംസാരിച്ചു.