തിരുവനന്തപുരം: പാല്‍ സംഭരണത്തിലെ കുറവ് പരിഹരിക്കാന്‍ ക്ഷീരകര്‍ഷകര്‍ക്കായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) പലിശരഹിത വായ്പാ പദ്ധതി നടപ്പാക്കുന്നു. 2024 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ക്ഷീരകര്‍ഷകര്‍ പശുക്കളെ വാങ്ങുന്നതിനായി എടുക്കുന്ന വായ്പകള്‍ക്കാണ് പലിശയ്ക്ക് സബ്സിഡി നല്‍കുകയെന്ന് ടിആര്‍സിഎംപിയു ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുക്കുന്ന വായ്പകള്‍ക്ക് ക്ഷീരസംഘത്തില്‍ നല്‍കുന്ന പാലിന്‍റെ അളവിന് ആനുപാതികമായി പലിശ സബ്സിഡി നല്‍കും. ഇതുവഴി പ്രതിദിനം 25,000 ലിറ്റര്‍ പാലിന്‍റെ വര്‍ധനവാണ് യൂണിയന്‍ ലക്ഷ്യമിടുന്നത്. ഒരു കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
ജനുവരി ഒന്നുമുതല്‍ മേഖല യൂണിയന്‍റെ പരിധിയിലുള്ള സംഘങ്ങളില്‍ നിന്നും വില്‍പ്പന നടത്തുന്ന ഓരോ ചാക്ക് കാലിത്തീറ്റയ്ക്കും 150 രൂപ നിരക്കില്‍ സബ്ഡിസി നല്‍കുമെന്നും പുതിയ ഭരണസമിതിയുടെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് മണി വിശ്വനാഥ് പറഞ്ഞു.
കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലിന്‍റെ ഗുണനിലവാര നിയന്ത്രണം കര്‍ശനമാക്കാനും യൂണിയന്‍ തീരുമാനിച്ചു. സാധാരണ ഗുണനിലവാര പരിശോധനയ്ക്കൊപ്പം പ്രാഥമിക സംഘങ്ങളില്‍ ഉള്‍പ്പെടെ ആന്‍റിബയോട്ടിക് റെസിഡ്യു ഡിറ്റക്ഷന്‍ ടെസ്റ്റ്, അഫ്ളാടോക്സിന്‍ ഡിറ്റക്ഷന്‍ ടെസ്റ്റ് മുതലായ പരിശോധനാ സംവിധാനങ്ങള്‍ വിപുലീകരിച്ച് നടപ്പിലാക്കും.
മില്‍മ ഉല്‍പ്പന്നങ്ങളുടെ ലാഭം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വിറ്റുവരവില്‍ ഉല്‍പ്പന്നങ്ങളില്‍നിന്നുള്ള വിഹിതം 2 വര്‍ഷത്തിനുള്ളില്‍ 25 ശതമാനം ആയി വര്‍ധിപ്പിക്കും. 2022-23 വര്‍ഷം 1208 കോടി രൂപയുടെ വിറ്റുവരവാണ് തിരുവനന്തപുരം യൂണിയനുള്ളത്. ഇതില്‍ 15 ശതമാനമാണ് നിലവില്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വിഹിതം. 2021-22 ല്‍ 4,09,232 ലിറ്റര്‍ ആയിരുന്ന തിരുവനന്തപുരം യൂണിയനിലെ പ്രതിദിന പാല്‍സംഭരണം 2022-23 ല്‍ 3,64,952 ലിറ്റര്‍ ആയി കുറഞ്ഞു. ഇത് 2023-24 ല്‍ 3,85,000 ലിറ്ററിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം ക്ഷീരകര്‍ഷകര്‍ക്കായി നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളും സ്കീമുകളും തുടരുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ടിആര്‍സിഎംപിയു എംഡി ഡോ. മുരളി പി, ഭരണസമിതി അംഗങ്ങളായ വി.എസ് പത്മകുമാര്‍, കെ.ആര്‍ മോഹനന്‍പിള്ള എന്നിവരും പങ്കെടുത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *