കാനഡ തീവ്രവാദികള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇടം നല്‍കുന്ന രാജ്യമായി മാറുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ (എംഇഎ) വക്താവ് അരിന്ദം ബാഗ്ചി. ഇപ്പോഴിത് ഇന്ത്യയുടെ പ്രധാന പ്രശ്‌നമായി മാറുന്നുവെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. സിഖ് വിഘടനവാദിയായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ കൊല്ലാന്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഗൂഢാലോചന നടത്തിയെന്ന് യുഎസ് ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ഒട്ടാവയുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധം വഷളായിക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ട്രൂഡോയുടെ ഈ പരാമര്‍ശത്തിന് പിന്നാലെയാണ് അരിന്ദം ബാഗ്ചിയുടെ പ്രതികരണം.
‘ഞങ്ങളുടെ നിലപാട് തികച്ചും വ്യക്തമാണ്. ഈ വിഷയം ഉന്നയിക്കുമ്പോഴെല്ലാം ഞങ്ങള്‍ പ്രശ്നത്തെ എങ്ങനെ കാണുന്നുവെന്നത് വ്യക്തമാണ്.’ – മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എംഇഎ വക്താവ് പറഞ്ഞു. ”തീവ്രവാദികള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ക്കും കാനഡ ഇടം നല്‍കുന്നു. അതാണ് ഞങ്ങളുടെ പ്രധാന പ്രശ്‌നം.” – അരിന്ദം ബാഗ്ചി വ്യക്തമാക്കി. ‘അടുത്തിടെ വിദേശകാര്യ മന്ത്രിയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഈ കേസിന്റെ സംഭവവികാസങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യുന്ന ഇത്തരം തീവ്രവാദ ഘടകങ്ങള്‍ക്കെതിരെ കാനഡ നടപടിയെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ‘ഇന്ത്യയ്ക്ക് ഈ സാഹചര്യത്തിലൂടെ കടന്നുപോകാന്‍ കഴിയില്ലെന്ന ഒരു ധാരണയുടെ തുടക്കമാണെന്ന് ഞാന്‍ കരുതുന്നു. ഒരു പക്ഷേ ഇപ്പോള്‍ ഇന്ത്യയ്ക്ക് മുമ്പ് ഇല്ലാത്ത വിധം സഹകരിക്കാനുള്ള മനസ്സുണ്ട്.’ – കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനോട് ട്രൂഡോ പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ കൂടുതല്‍ ശാന്തമായ ശൈലി സ്വീകരിക്കാന്‍ അമേരിക്കന്‍ കുറ്റപത്രം ബോധ്യപ്പെടുത്തിയതായി തോന്നുന്നുവെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിയിരുന്നു. 2020ല്‍ നിരോധിത ഭീകര സംഘടനായ ഖാലിസ്ഥാന്‍ പ്രവര്‍ത്തകന്‍ നിജ്ജാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധവും പ്രകോപനപരവുമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളി.
കഴിഞ്ഞ മാസം നവംബറില്‍, യുഎസിന്റെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഒരു സിഖ് വിഘടനവാദിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യക്കാരനായ നിഖില്‍ ഗുപ്ത, ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നു. വിഘടനവാദി സിഖ് നേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.