ഡബ്ലിന്‍: കുടിയേറ്റക്കാരെ ‘സര്‍വ്വാത്മനാ ‘ പിന്തുണച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍.രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കുടിയേറ്റക്കാരെ കുറ്റപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല. അയര്‍ലണ്ടില്‍ വെറുപ്പിന്റെ രാഷ്ട്രീയം പിടിമുറുക്കുന്നത് കാണാനും ആഗ്രഹമില്ലെന്നും വരദ്കര്‍ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് ഇന്നര്‍ സിറ്റി (എന്‍ ഇ ഐ സി) 2023 പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വരദ്കര്‍.
രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്ന രാജ്യങ്ങളുണ്ട്. പാര്‍പ്പിടം, തൊഴില്‍ തുടങ്ങി കാട്ടുതീയ്ക്ക് പോലും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് നമുക്ക് കാണാനാകും. ഇങ്ങനെ ചെയ്യുന്നതിനോട് യോജിപ്പില്ല. കുടിയേറ്റത്തില്‍ നിന്ന് വളരെയധികം ഗുണം നേടിയ രാജ്യമാണ് അയര്‍ലണ്ട്- വരദ്കര്‍ ചൂണ്ടിക്കാട്ടി.
പുതിയതായി രാജ്യത്ത് പൗരത്വം നേടുന്നവരെല്ലാം നിയമപരമായി ഇവിടെ വന്നവരാണ്. കഠിനാധ്വാനികളും വലിയ സംഭാവനകള്‍ നല്‍കിയവരുമാണവരെന്നും വരദ്കര്‍ വ്യക്തമാക്കി. കുടിയേറ്റം സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്ക് ഒരു നല്ലതാണ്. എന്നാലത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തീവ്ര വലതുപക്ഷ വിഭാഗം കുടിയേറ്റക്കാര്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ ഇറക്കുമെന്ന പ്രസ്താവനയോട് പ്രതീകരിക്കുകയായിരുന്നു വരദ്കര്‍. ഡബ്ലിന്റെ ഇന്നര്‍ സിറ്റി മേഖലയില്‍ നിരവധി വാര്‍ഡുകളില്‍ കുടിയേറ്റ വിരുദ്ധ പ്രസ്ഥാനക്കാര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായേക്കും. ഇത് രാഷ്ട്രീയ പാര്‍ട്ടികളെ കാര്യമായ തോതില്‍ ബാധിക്കുമെന്ന് പ്രചാരണമുണ്ട്.
ആരാണ് കുടിയേറ്റക്കാര്‍ ?
എന്നാല്‍ അയര്‍ലണ്ടില്‍ ജോലി തേടിവന്ന സാമ്പത്തിക കുടിയേറ്റക്കാരുടെ പേരിലാണ് ,മറ്റ് വിഭാഗങ്ങളില്‍ പെട്ട അനധികൃത കുടിയേറ്റക്കാരെ രാഷ്ട്രീയ നേതാക്കള്‍ പ്രകീര്‍ത്തിക്കുകയും, ന്യായീകരിക്കുകയും ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്, മിക്ക രാഷ്ട്രീയക്കാരും പറയുന്ന വളര്‍ച്ചയല്ല, അഭയം തേടി വരുന്ന കുടിയേറ്റക്കാര്‍ ചെയ്യുന്നത്. ഉന്നത സ്ഥാനങ്ങളില്‍ ഉള്ള രാഷ്ട്രനേതാക്കള്‍ പോലും ഇക്കാര്യത്തില്‍ വിളിച്ചുപറയുന്നത് സത്യമല്ലെന്നുള്ളതാണ് യാദാര്‍ഥ്യം.
യൂറോപ്പിലാകെ അഭയാര്‍ത്ഥികള്‍ എന്ന പദ പ്രയോഗത്തെ കുടിയേറ്റക്കാര്‍ എന്ന പൊതു അഭിസംബോധനയിലേയ്ക്ക് ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. ഇക്കണോമിക്ക് മൈഗ്രന്റ്സ് രാജ്യത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കുന്നവരാണ്. ആരോഗ്യം,ഐ ടി ,ധനകാര്യം അടക്കമുള്ള മേഖലകളില്‍ ജോലി തേടിവരികയും, രാജ്യത്തെ പൗരന്മാര്‍ക്കൊപ്പം ടാക്‌സ് നല്‍കുകയും ചെയ്യുന്നവരെ, കടല്‍ കടന്ന് വരുന്ന അനധികൃത കുടിയേറ്റക്കാരുമായി തുലനപ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുകയാണ് അയര്‍ലണ്ടിലെ രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ചെയുന്നത്.
ഓരോ അഭയാര്‍ഥി കുടുംബത്തിനും ,അവരുടെ അകന്ന ബന്ധുക്കളെ പോലും കൊണ്ടുവരാനുള്ള അനുമതി നല്‍കുമ്പോള്‍, സാമ്പത്തിക കുടിയേറ്റക്കാര്‍ക്ക് ഫാമിലി റീയൂണിഫിക്കേഷന് പോലും യാതൊരു ‘പ്രത്യേക’ ആനുകൂല്യവും ലഭിക്കുന്നില്ല. ഡബ്ലിന്‍ മേഖലയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് വിദേശ നഴ്സുമാര്‍ക്ക് പോലും ഭവനം ലഭിക്കാത്തപ്പോഴാണ്, ബ്‌ളാക്ക് റോക്ക് പോലുള്ള ജനനിബിഡമായ പ്രദേശങ്ങളില്‍ പോലും, അഭയാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ സൗജന്യ വീടൊരുക്കി നല്‍കുന്നത്. മുന്നൂറോളം പേരെയാണ് ബ്ളാക്ക്റോക്കിലേക്ക് മാത്രം സര്‍ക്കാര്‍ ഇതിനകം എത്തിക്കാന്‍ തയ്യാറായിരിക്കുന്നത്.