ന്യൂദല്‍ഹി- എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇ. ഡിയുടെ സമന്‍സ്. ജനുവരി മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് കെജ്രിവാളിന് ഇ. ഡി സമന്‍സ് അയക്കുന്നത്. 
ഡിസംബര്‍ 21ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ. ഡി  ഡിസംബര്‍ 18ന് രണ്ടാമത്തെ സമന്‍സ് അയച്ചെങ്കിലും കെജ്രിവാള്‍ 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പിലേക്ക് പോവുകയായിരുന്നു. പരിപാടി നേരത്തെ നിശ്ചയിച്ചതാണെന്നാണ് അദ്ദേഹം അറിയിച്ചത്. മാത്രമല്ല ‘നിയമവിരുദ്ധവും’ ‘രാഷ്ട്രീയ പ്രേരിതവും’ എന്നാണ് സമയന്‍സിനെ അദ്ദേഹം വിശേഷിപ്പിച്ചത്.  
ഒന്നും മറച്ചുവെക്കാനില്ലെന്നും എല്ലാ നിയമപരമായ സമന്‍സും സ്വീകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ കെജ്രിവാള്‍ ഈ ഇ. ഡി സമന്‍സും മുന്‍ സമന്‍സുകള്‍ പോലെ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും പറയുകയും ചെയ്തു.  സമന്‍സ് പിന്‍വലിക്കണമെന്നും താന്‍ തന്റെ ജീവിതം സത്യസന്ധമായും സുതാര്യതയോടെയുമാണ് ചെലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ധ്യാനം ഡിസംബര്‍ 30 വരെ തുടരുമെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചതോടെയാണ് മൂന്നാം സമന്‍സില്‍ ജനുവരി മൂന്നിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ കെജ്രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ച സമയത്തെ എ. എ. പി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടിയുടെ അഭിഭാഷകര്‍ നോട്ടീസ് പഠിക്കുകയാണെന്നും നിയമപരമായി ശരിയായ നടപടികള്‍ കൈക്കൊള്ളുമെന്നും നേതൃത്വം അറിയിച്ചു. നിയമ സംഘം നോട്ടീസിന് മറുപടി നല്‍കുമെന്നും എ. എ. പി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ചില മദ്യവ്യാപാരികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് ഇ. ഡിയുടെ ആരോപണം. എന്നാല്‍ ഇത് എ. എ. പി ശക്തമായി നിഷേധിച്ചിച്ചിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. 
മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്സൈസ് നയത്തിലെ അന്വേഷണമാണ് മുഖ്യമന്ത്രി അടക്കമുള്ളവരിലേക്ക് എത്തിയിരിക്കുന്നത്. കൈക്കൂലി വാങ്ങി ചില ഡീലര്‍മാര്‍ക്ക് അനുകൂലമായി ലൈസന്‍സ് നല്‍കി എന്നാണ് പ്രധാന ആരോപണം.
2023 December 22IndiaArvind Kejriwalഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: ed notice agan to aravind kejriwal

By admin

Leave a Reply

Your email address will not be published. Required fields are marked *