തൊടുപുഴ-വെങ്ങല്ലൂർ വേങ്ങത്താനം ഭാഗത്ത് അമിത വൈദ്യുതി ബിൽ ലഭിച്ച ഉപഭോക്താക്കളുടെ വൈദ്യുതി കണക് ൻ വിഛദിക്കാനെത്തിയ കെ. എസ് .ഇ. ബി ഉദ്യോഗസ്ഥരെ നഗരസഭ ചെയർമാൻ സനീഷ് ജോർജും കൗൺസിലർ കെ. ദീപക്കും നാട്ടുകാരും ചേർന്ന് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് മണർകാട് സണ്ണി സെബാസ്റ്റ്യൻ, മുളയ്ക്കൽ എം. എസ് പവനൻ എന്നിവരുടെ വീടുകളിൽ കണക്ഷൻ വിഛേദിക്കാനായി അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനീയർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അകമ്പടിയോടെ എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മുനിസിപ്പൽ ചെയർമാൻ ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്തു.
അമിത ബില്ലിനെതിരെ കേസ് ഫയൽ ചെയ്തിട്ടുള്ളതിനാലും കോടതി നടപടിയിലിരിക്കുന്നതിനാലും ഡിസ്‌കണക്ഷൻ നടത്തരുതെന്ന് മുനിസിപ്പൽ ചെയർമാൻ കർക്കശ നിലപാടെടുത്തു. ജനപ്രതിനിധികളുടെ നിർദേശങ്ങളെ അവഗണിച്ച് ഡിസ്്കണക്ഷൻ നടപടി തുടർന്നാൽ ബോർഡധികൃതരെ തെരുവിൽ തടയുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംയുക്തമായി അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥർ പിൻവാങ്ങി.
സണ്ണി സെബാസ്റ്റ്യൻ, എം. എസ് പവനൻ എന്നിവർക്ക് രണ്ടു മാസത്തെ ബിൽ കുടിശ്ശികയുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് തെറ്റായ മീറ്റർ റീഡിംഗിലൂടെ അമിത ബിൽ ലഭിച്ച ഉപഭോക്താക്കളാണിവർ. ആ ബില്ലിൽ ഉൾപ്പെടാത്ത കഴിഞ്ഞ രണ്ടു മാസത്തെ ബിൽ അടയ്ക്കാൻ ശ്രമിച്ചപ്പോൾ തുക പഴയ കുടശ്ശികയിലേ വകയിരുത്തൂ എന്ന് കെ.എസ്.ഇ.ബി പറഞ്ഞതായും അതിനാലാണ് രണ്ട് മാസത്തെ കുടിശ്ശിക ഉണ്ടായതെന്നും ഇവർ പറയുന്നു. പ്രശ്‌നം പരിഹരിക്കാൻ ഇന്ന് രാവിലെ 10 മണിക്ക് മുനിസിപ്പൽ ചെയർമാന്റെ ചേംബറിൽ വാർഡ് കൗൺസിലർ, കെ.എസ്.ഇ.ബി അധികൃതർ, പോലീസ്, ഉപഭോക്താക്കൾ എന്നിവരുടെ യോഗം ചേരും.
ശരാശരി 2000-2500 രൂപ ബിൽ അടച്ചിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 30,000 മുതൽ 60,000 രൂപ വരെയാണ് ലഭിച്ചത്. സണ്ണി സെബാസ്റ്റ്യൻ നേരത്തെ അടച്ചിരുന്നത് 2200 – 2666 രൂപ നിരക്കിലായിരുന്നു. എന്നാൽ പൊടുന്നനെ ബിൽ 60,611 ആയി വർധിച്ചു. 1700-2000 രൂപ കണക്കിൽ വൈദ്യുതി ചാർജ് അടച്ചിരുന്ന എം. എസ് പവനന് 33,705 രൂപയാണ് ലഭിച്ചത്.
മുമ്പത്തെ മീറ്റർ റീഡിംഗുകൾ തെറ്റായിരുന്നെന്നും വീണ്ടും എടുത്തതാണ് ശരിയായ റീഡിംഗെന്നും ഇതാണ് കൃത്യമായ ബില്ലെന്നുമായിരുന്നു കെ. എസ് .ഇ. ബിയുടെ മറുപടി. ഇതോടെയാണ് പലരും കോടതിയെ സമീപിച്ചത്.
2023 December 22Keralatitle_en: Excessive bill: The officials who came to disconnect the electricity were stopped under the leadership of the Municipal Corporation Chairman