ഖുശ്ബു തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നുവെങ്കിൽ, മറ്റൊരു നടിയോട് താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയേനെ എന്ന് വെളിപ്പെടുത്തി സംവിധായകൻ സുന്ദർ സി. തമിഴിന് പുറമെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങിയ അന്തരിച്ച നടി സൗന്ദര്യയെ കുറിച്ചാണ് സുന്ദര്‍ സി പറഞ്ഞത്. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സൗന്ദര്യ കഴിവിലും സൗന്ദര്യത്തിലും താന്‍ അതീവ ആകൃഷ്ടനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗന്ദര്യയുമായി ഇനി സിനിമ ചെയ്യരുതെന്ന് വരെ തന്‍റെ ഭാര്യ തന്നോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് സുന്ദര്‍ സി തമാശരൂപേണ പറഞ്ഞു. രജനികാന്ത് ചിത്രം അരുണാചലത്തിലാണ് സുന്ദര്‍ സി സൗന്ദര്യയോടൊപ്പം പ്രവര്‍ത്തിക്കുന്നത്. അഭിമുഖത്തിൽ ചിത്രത്തിലെ നടിയുടെ പ്രകടനത്തെ വാഴ്ത്തിയ സുന്ദര്‍ സി അവരൊടൊപ്പം പ്രവര്‍ത്തിച്ചത് ഏറ്റവും മികച്ച അനുഭവം ആയിരുന്നുവെന്നും പങ്കുവെച്ചു. സൗന്ദര്യയുടെ സഹോദരന് അവരൊടുണ്ടായിരുന്ന കരുതലിനെയും സ്നേഹത്തെയും പ്രശംസിക്കാന്‍ അദ്ദേഹം മറന്നില്ല.