ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ 20ന് രാത്രി മുതല്‍ രജൗരിയിലെ തനമണ്ടിയില്‍ ഓപ്പറേഷന്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3:45നാണ് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ജവാന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് സൈന്യം തിരിച്ചടിച്ചത്.
ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും ആക്രമണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു ട്രക്കും ജിപ്സിയും ഉള്‍പ്പെടെയുള്ള പോലീസ് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ രജൗരിയിലെ താനമാണ്ടിയിലെ ജനറല്‍ ഏരിയ ഡികെജി (ദേരാ കി ഗലി) എന്ന സ്ഥലത്ത് ഓപ്പറേഷന്‍ നടക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഉ?ദ്യോ?ഗസ്ഥര്‍ വ്യക്തമാക്കി.
‘രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ഇന്നലെ രാത്രി ഒരു സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചു. ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്,’ ഒരു പ്രതിരോധ പിആര്‍ഒ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സായുധ പോലീസ് യൂണിറ്റിന് സമീപം സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 19നും 20നും ഇടയില്‍ രാത്രി സുരന്‍കോട്ട് പ്രദേശത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ കോമ്പൗണ്ടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.