മൂന്നാറിലെ വിനോദസഞ്ചാര മേഖലയിലുണ്ടാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് നടപ്പാക്കുന്ന ഹില്‍ദാരി പദ്ധതിക്ക് തുടക്കമായി. മൂന്നാര്‍ കെ.റ്റി.ഡി.സി ടി കൗണ്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ. എ. രാജ എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത പദ്ധതിയായ ‘ഇടുക്കി ഒരു മിടുക്കി’ യോട് ചേര്‍ന്നാണ് നെസ്ലെയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് ഹില്‍ദാരി പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.ഉദ്ഘാടന ചടങ്ങില്‍ ദേവികുളം സബ് കളക്ടര്‍ വി. എം. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിനോദസഞ്ചാരത്തിന്റെ ഭാഗമായ ‘മാലിന്യ സംസ്‌കരണ വെല്ലുവിളികളും അവയെ നേരിടുന്നതിനുള്ള ഉചിത മാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ ശില്‍പശാലയും ഇതോടനുബന്ധിച്ച് നടന്നു. യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.