വടകര: മൊബൈല്‍ ഫോണിലൂടെ യുവതിയുമായി സൗഹൃദം നടിച്ച് 20 പവന്‍ സ്വര്‍ണാഭരണവുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. മയ്യന്നൂര്‍ സ്വദേശി മുഹമ്മദ് നദീറി(28)നെയാണ് അറസ്റ്റ് ചെയ്തത്. വില്യാപ്പള്ളി സ്വദേശി യുവതിയെ നദീര്‍ ഭാര്യാപിതാവിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍നിന്ന് ബന്ധപ്പെട്ടാണ് വടകരയിലെ പ്രമുഖ ജ്വല്ലറിയുടെ ഉടമസ്ഥനാണെന്ന് യുവതിയുടെ പരിചയപ്പെടുത്തിയത്.
ഒരു മാസത്തെ സൗഹൃദമായിരുന്നു ഇരുവരും തമ്മില്‍. ജ്വല്ലറിയില്‍ പുതിയ ആഭരണങ്ങള്‍ വന്നിട്ടുണ്ട്. പഴയ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാല്‍ പുതിയത് നല്‍കാമെന്ന് ഇയാള്‍ യുവതിയെ അറിയിച്ചു.
ജ്വല്ലറിയിലെ ജീവനക്കാരനെ സ്വര്‍ണം വാങ്ങാന്‍ പറഞ്ഞയയ്ക്കുന്നുണ്ടെന്നു പറഞ്ഞ് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് യുവതിയുടെ വീട്ടിന്റെ ഗേറ്റിലെത്തി സ്വര്‍ണാഭരണം വാങ്ങി നദീര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് വടകര പോലീസ് മൊബൈല്‍ ഫോണ്‍ വഴിയുള്ള അന്വേഷണത്തില്‍ പ്രതിയെ കോഴിക്കോട് വച്ച് പിടികൂടുകയായിരുന്നു. വടകര കോണ്‍വെന്റ് റോഡിലെ ജ്വല്ലറിയില്‍ വില്‍പന നടത്തിയ സ്വര്‍ണാഭരണം പോലീസ് കണ്ടെടുത്തു.
കേസ് അന്വേഷണത്തില്‍ എ.എസ്.ഐ മഹേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ. ഗണേശന്‍, രമേശ് കൃഷ്ണ, ബൈജു, കെ.കെ. അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.